ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊറോണ സ്ഥിരീകരിച്ചതായി ബിസിസിഐ റിപ്പോർട്ട്. മുഖ്യ പരിശീലകൻ രവിശാസ്ത്രിക്ക് രോഗം കണ്ടെത്തിയതോടെ സംഘത്തിലെ മൂന്ന് പേരെ ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷണത്തിലാക്കി. ഇന്ന് മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വിവരം ബിസിസിഐ പുറത്തുവിടുന്നത്.
ബൗളിങ് കോച്ച് ബി. അരുൺ, ഫീൽഡിങ് കോച്ച് ആർ. ശ്രീധർ, ഫിസിയോതെറാപിസ്റ്റ് നിതിൻ പട്ടേൽ തുടങ്ങി ശാസ്ത്രിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആരോഗ്യ വിദഗ്ധരുടെ നിർദേശ പ്രകാരം ഇവർ ഹോട്ടലിൽ ഐസോലേഷനിലാണ്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് പരിശീലകൻ രവി ശാസ്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് പതിവ് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് രോഗവിവരം അറിയുന്നത്. സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് പരിശോധനാഫലം നെഗറ്റീവായതിനാൽ ഇന്ന് നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന് തടസമുണ്ടായില്ല.















