മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റിന്റെ സിദ്ധാന്തം. 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്രു എന്നിവ അതിന് ഉദാഹരണങ്ങളാണ്. സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു. ഈ സിനിമകൾക്ക് ശേഷം 2ഡി എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘വിരുമൻ’.
കൊമ്പൻ എന്ന ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘ വിരുമൻ’. പരുത്തി വീരൻ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘കൊമ്പൻ’ എന്ന ചിത്രം. വിരുമന്റെ പൂജ ഇന്ന് നടന്നു.
സെപ്റ്റംബർ 18 മുതൽ തേനിയിൽ ചിത്രീകരണം നടക്കും. സംവിധായകൻ ഷങ്കറിന്റെ ഇളയ മകൾ അതിഥി ഷങ്കറാണ് നായിക. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.
Comments