കോഴിക്കോട്: തന്നെ വാനോളം പുകഴ്‌ത്തുന്ന പാട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച് ടിപി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ‘ചൊക്ലി ദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫീക്കയാ’ എന്ന് തുടങ്ങുന്ന പാട്ടാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. പാട്ട് ആസ്വദിച്ച് സമീപത്ത് തന്നെ ഇയാൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. സെപ്തംബർ നാലിനാണ് വീഡിയോ ഷാഫി പങ്കുവെച്ച്. ഇപ്പോൾ ട്രോൾ പേജുകളിലും ഷാഫിയുടെ പാട്ട് നിറയുകയാണ്.
‘ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്ക, പാർട്ടിയെ ഓർത്ത് കനവ് കാണുന്ന ഷാഫിക്ക, എന്നെന്നും ജന്മം നൽകീടുന്ന ഷാഫിക്ക, കരുത്തുള്ള ഹൃദയത്തെ നെഞ്ചോട് ചേർക്കുന്ന മൊഞ്ചുള്ളോനാ, ശത്രുക്കളെ എന്നെന്നും മിത്രങ്ങളായി കരുതുന്ന നമ്മുടെ മുത്ത് ഷാഫിക്ക, ഇങ്ങനെ തുടരുന്നു പാട്ട്. പാട്ടിനെ പരിഹസിച്ചുള്ള നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.
‘അയ്യോ ദാരിദ്ര്യ’മെന്നാണ് വീഡിയോയ്‌ക്ക് ഒരാൾ കുറിച്ചിരിക്കുന്ന കമന്റ്. വ്യക്തിപൂജ കമ്യൂണിസ്റ്റ് ശൈലിയല്ലെന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്.
Posted by കെ കെ മുഹമ്മദ് ഷാഫി on Saturday, September 4, 2021















