ശ്രീനഗർ : ജമ്മു കശ്മീരിൽ സർക്കാർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ദേശീയ പതാക എടുത്തുമാറ്റിയ സംഭവത്തിൽ നടപടിയുമായി പോലീസ്. സംഭവത്തിൽ കേസ് എടുത്തു. രജൗരിയിലെ ദാക് ബംഗ്ലാവിൽ സ്ഥാപിച്ചിരുന്ന കൊടിയാണ് അജ്ഞാതർ എടുത്തു മാറ്റിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഒരു സംഘം ആളുകൾ ചേർന്ന് ദേശീയ പതാക എടുത്തുമാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രതികൾക്കായി പോലീസ് ശക്തമായ അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രചരിക്കുന്ന ദൃശ്യങ്ങളും പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. കുറ്റക്കാർക്കെതിരെ ദേശീയമാനത്തോടുള്ള അപമാനങ്ങൾ തടയൽ നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ജമ്മു കശ്മീരിലെ മുഴുവൻ സർക്കാർ കെട്ടിടങ്ങളിലും ത്രിവർണ പതാക സ്ഥാപിക്കണമെന്നാണ് ഭരണകൂടത്തിന്റെ നിർദ്ദേശം. ഇതിന്റെ ഭാഗമായാണ് ദാക് ബംഗ്ലാവിൽ പതാക സ്ഥാപിച്ചത്.
Comments