ബംഗളൂരു : റോയൽ ചാലഞ്ചേഴ്‌സ് ബാംഗളൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനവുമായി വിരാട് കോഹ്ലി. ഐപിഎല്ലിന്റെ 2021 സീസൺ പൂർത്തിയായതിന് ശേഷം നായകസ്ഥാനം ഒഴിയാനാണ് താരത്തിന്റെ തീരുമാനം. ആർസിബി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോഹ്ലി തീരുമാനം അറിയിച്ചത്.
ആർസിബിയിലെ ഒരു കൂട്ടം കഴിവുള്ള താരങ്ങളെ നയിക്കുക എന്നത് പ്രചോദനാത്മകമായിരുന്നുവെന്ന് കോഹ്ലി പറഞ്ഞു. തനിക്ക് പൂർണ പിന്തുണ നൽകിയ എല്ലാവർക്കും താരം നന്ദി അറിയിച്ചു. അതോടൊപ്പം തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ പോരാടുമെന്നും കോഹ്ലി വ്യക്തമാക്കി. ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് വരെ ആർസിബിക്ക് വേണ്ടി മാത്രമേ കളിക്കൂ എന്ന വാഗ്ദാനം പാലിക്കുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യൻ ടീമിന്റെ നായക്ഥാനത്ത് നിന്നും ഒഴിയുകയാണെന്നും കോഹ്ലി പ്രഖ്യാപിച്ചിരുന്നു.















