ന്യൂഡൽഹി: വോട്ടർപട്ടികയിലെ വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്ന് 2015ൽ ആവശ്യപ്പെട്ട ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ഇന്ന് വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സമരം ചെയ്യുന്നതിലെ വൈരുധ്യം ചർച്ചയാകുന്നു. അന്ന് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് വ്യാജ വോട്ടർമാരെ കണ്ടെത്തി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാൾ, ഇന്ന് അതേ ലക്ഷ്യത്തോടെയുള്ള നടപടികളെ എതിർക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.
2015ൽ എട്ടുലക്ഷം വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം
ആം ആദ്മി പാർട്ടി നേതാക്കൾ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിയെ കണ്ട് ഡൽഹിയിലെ വോട്ടർപട്ടികയിൽ എട്ടുലക്ഷത്തോളം വ്യാജ വോട്ടർമാരുണ്ടെന്ന് ആരോപിച്ച് അവരെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വ്യാജ വോട്ടർമാർ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എങ്ങനെ ഉറപ്പാക്കുമെന്നായിരുന്നു അന്ന് പാർട്ടി ഉയർത്തിയ ചോദ്യം. 3,96,914 വോട്ടർമാർക്ക് ഒന്നിലധികം തിരിച്ചറിയൽ കാർഡുകളുണ്ടെന്നും 11 ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടർമാരുണ്ടെന്നും അന്ന് ആംആദ്മി പാർട്ടി പറഞ്ഞിരുന്നു.
ഇന്ന് SIRനെതിരെ പ്രതിഷേധം
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തി അർഹരായ വോട്ടർമാരെ സംരക്ഷിക്കാനാണ് പ്രത്യേക തീവ്ര പരിഷ്കരണം (SIR) ലക്ഷ്യമിടുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നവർക്കൊപ്പം കെജ്രിവാളും രംഗത്തുണ്ട്. 2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യപ്പെട്ട നിലപാടും ഇപ്പോഴത്തെ എതിർപ്പും തമ്മിലുള്ള വ്യത്യാസത്തിന് ആം ആദ്മി പാർട്ടി വിശദീകരണം നൽകണമെന്നാണ് വിമർശകരുടെ ആവശ്യം. 10 വർഷം മുൻപ് വ്യാജ വോട്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട കെജ്രിവാൾ ഇന്ന് സമരം ചെയ്യുന്നതിലെ വൈരുദ്ധ്യമാണ് പ്രധാനമായും ചർച്ചയാകുന്നത്.














