കോഴിക്കോട്: സ്ത്രീധനത്തെ പിന്തുണയ്‌ക്കില്ലെന്ന സത്യവാങ്മൂലം വിദ്യാർത്ഥികളിൽ നിന്നും എഴുതി വാങ്ങി കാലിക്കറ്റ് സർവകലാശാല. ബിരുദ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിന് മുമ്പായാണ് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലത്തിൽ വിദ്യാർത്ഥികൾ ഒപ്പുവച്ചത്. സത്യവാങ്മൂലത്തിന് വിരുദ്ധമായുള്ള പ്രവർത്തനങ്ങൾ ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്നാണ് നിയമം.
സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശ പ്രകാരമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സത്യവാങ്മൂലം നിർബന്ധമാക്കിയത്. കഴിഞ്ഞയാഴ്ച കേരള സർവകലാശാല ഫിഷറീസ് ആന്റ് ഓഷ്യൻസ് സയൻസിലെ ബിരുദ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനെത്തിയ 386 വിദ്യാർത്ഥികളും ഇത്തരത്തിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലത്തിൽ ഒപ്പുവച്ചിരുന്നു.
സംസ്ഥാനത്തെ സ്ത്രീധന പീഡനങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഗവർണർ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലമെന്ന ചിന്ത മുന്നോട്ടുവച്ചത്. കൊല്ലത്തെ വിസ്മയയുടെ മരണത്തിന് പിന്നാലെയായിരുന്നു ഗവർണറുടെ നടപടി.















