ശ്രീനഗർ: ജമ്മുകശ്മീരിലെ ത്രികുട മലനിരകളിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണോ ദേവി ക്ഷേത്രം. ഇന്ത്യയിലെ പ്രശസ്തമായ 108 ശക്തിപീഠങ്ങളിൽ ഒന്ന്, ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിശ്വപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം.. പ്രതിവർഷം ഒരു കോടിയിലധികം ഭക്തരെത്തുന്ന കശ്മീരിലെ പുണ്യഭൂമിയാണിത്.
ദേവി വിളിക്കുമ്പോഴാണ് ഓരോ ഭക്തനും മലചവിട്ടാനുള്ള ഭാഗ്യം ലഭിക്കുന്നതെന്നാണ് സങ്കൽപം.. മഹാ ലക്ഷ്മിയായും മഹാ സരസ്വതിയായും മഹാകാളിയായും മൂന്ന് ഭാവങ്ങളിലാണ് ത്രികുട പർവതത്തിൽ ദേവി കുടികൊള്ളുന്നത്. സപ്തമാതാക്കളിൽ വളരെ ശക്തിരൂപത്തിലുള്ള സ്വയംഭൂ പ്രതിഷ്ഠ..
പ്രകൃതിദത്തമായ ഗുഹയിൽ സ്വയംഭൂ പ്രതിഷ്ഠയായ മാതാ വൈഷ്ണോദേവിയെ ദർശിക്കാൻ മലചവിട്ടുന്നവരെ കൂടാതെ കുതിരപ്പുറത്തും ഹെലികോപ്റ്ററിലുമെത്തുന്നവരുണ്ട്. ജയ് മാതാ ദീ.. എന്ന് ഉരുവിട്ടുകൊണ്ടാണ് ഓരോ ഭക്തനും അമ്മയെ ദർശിക്കാൻ മലയകയറുക.. 24 മണിക്കൂറും ദർശനം അനുവദിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വൈഷ്ണോദേവി ക്ഷേത്രം.
ജമ്മു നഗരത്തിൽ നിന്നും 63 കിലോ മീറ്റർ അകലെ.. റിയാസി ജില്ലയിലെ കത്രയിൽ തൃകുട മലനിരകൾക്ക് മുകളിലാണ് അതി പുരാതനമായ മാതാ വൈഷ്ണോദേവിയുടെ ക്ഷേത്രമുള്ളത്. തിരുപ്പതി കഴിഞ്ഞാൽ ഭാരതത്തിൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന ഈ പുണ്യഭൂമി നിലകൊള്ളുന്നത് സമുദ്രനിരപ്പിൽ നിന്ന് 5,200 അടി ഉയരത്തിലാണ്.
108 ശക്തിപീടങ്ങളിൽ ഒന്നായ ഇവിടം ഒട്ടേറെ നിഗൂഢതകളും അത്ഭൂതങ്ങളും നിറഞ്ഞ ക്ഷേത്രം കൂടിയാണ്. കോപിഷ്ഠനായ പരമശിവൻ സതീദേവിയുടെ ജഡവുമായി നടക്കവെ ഭഗവാൻ വിഷ്ണു സതിയുടെ ജഡത്തെ 108 ഭാഗങ്ങളായി ഛേദിച്ചു. അവ വന്നുപതിച്ച ഇടങ്ങളാണ് പിന്നീട് ശക്തിപീഠങ്ങളായി അറിയപ്പെടുന്നത്. ത്രേതായുഗത്തിൽ ബ്രഹ്മാവിന്റെ വരം നേടിയ രാക്ഷസനിൽ നിന്നും അഭയം തേടി ഭഗവാൻ വിഷ്ണു എത്തിച്ചേർന്നതും വൈഷ്ണോദേവിയുടെ അരികിലാണെന്നാണ് വിശ്വാസം.
വനവാസകാലത്ത് പാണ്ഡവർ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നതായും പുരാണങ്ങളിൽ പറയുന്നു. കുരുക്ഷേത്ര യുദ്ധവേളയിൽ പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെയെത്തി പ്രാർത്ഥിച്ചതായാണ് കരുതുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുഹയ്ക്ക് ദശലക്ഷം വർഷത്തിലധികം പഴക്കമുണ്ടെന്ന് പഠനങ്ങളിൽ വ്യക്തമാണ്. എന്നാൽ ദേവി കുടിക്കൊള്ളുന്ന ഗുഹയുടെ ഉൽപത്തിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. ആരാണിവിടെ പൂജകൾക്ക് തുടക്കം കുറിച്ചതെന്ന കാര്യവും അജ്ഞാതമായി തുടരുകയാണ്.
Comments