തൊട്ടതിനും പിടിച്ചതിനുമെല്ലാം ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടി നടത്താറുണ്ട്. എന്നാല്‍ സ്വന്തം വിവാഹ മോചനം ആഘോഷമാക്കിയിരിക്കുകയാണ് യുകെയിലുളള ഒരു വനിത. 45 വയസ്സുകാരിയും പ്രൊഫഷണല്‍ അക്കൗണ്ട്സ് മാനേജര്‍ കൂടിയായ സോണിയ ഗുപ്തയാണ് വിവാഹമോചനത്തെ ആഘോഷമാക്കി വൈറലായത്.
യുകെയിലെ തന്റെ വസതിയിലാണ് സോണിയ വര്‍ണ്ണാഭമായ ഡിവോഴ്സ് പാര്‍ട്ടി സംഘടിപ്പിച്ചത്. തന്റെ 17 വര്‍ഷത്തെ ദാമ്പത്യത്തിന്റെ ഔദ്യോഗിക അന്ത്യം ആഘോഷിക്കാന്‍ കുടുംബത്തെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു. മനോഹരമായ വസ്ത്രം ധരിച്ചും പാര്‍ട്ടി നന്നായി അലങ്കരിച്ചുമാണ് സോണിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി വിരുന്നൊരുക്കിയത്. കൂടാതെ ‘ഫൈനലി ഡിവോഴ്സ്ഡ് ‘എന്ന സാഷും അവര്‍ ധരിച്ചിരുന്നു.
സോണിയയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. തന്റെ വിവാഹവും വിവാഹ ജീവിതവും പാര്‍ട്ടിയും മുഖ്യ പ്രമേയമാക്കി മാറ്റി സോണിയ വിവാഹം തന്റെ വ്യക്തിത്വത്തെ എത്തരത്തിലാണ് ബാധിച്ചതെന്ന് വിവരിച്ചു. സോണിയയും ഭര്‍ത്താവും തമ്മില്‍ പൊരുത്തമില്ലെന്ന് ആദ്യമേ തന്നെ അറിയാമായിരുന്നു. സോണിയ 2003 ല്‍ ഇന്ത്യയില്‍ വെച്ചാണ് വിവാഹിതയായത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, അവർ ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ മനസ്സിലാക്കുകയായിരുന്നു. എന്നിരുന്നാലും, വര്‍ഷങ്ങളായി കാര്യങ്ങള്‍ നല്ല രീതിയില്‍ വരാന്‍ അവർ പരിശ്രമിച്ചു.’എന്റെ തീരുമാനത്തെക്കുറിച്ച് ഞാന്‍ എന്റെ കുടുംബത്തോട് പറഞ്ഞപ്പോള്‍, എന്റെ കുടുംബത്തില്‍ നിന്ന് ഒരു പിന്തുണയും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല.പക്ഷേ എന്റെ സുഹൃത്തുക്കളും എന്റെ മക്കള്‍ മിഖാലും ഷായും എന്റെ യാത്രയെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നു,’ വിവാഹമോചനത്തെക്കുറിച്ച് സോണിയ പറഞ്ഞു.
ഏഷ്യന്‍ സിംഗിള്‍ പാരന്റ് നെറ്റ്വര്ക്കില് നിന്നും തനിക്ക് സഹായമുണ്ടായതായും ഈ 45-കാരി കൂട്ടിച്ചേര്‍ത്തു. പിന്നീട് തീരുമാനത്തെ അവരുടെ മാതാപിതാക്കളും പിന്തുണച്ചു. തന്റെ വിവാഹ ജീവിതത്തില്‍ നിന്നും ധീരമായി പുറത്ത് കടന്നു എന്നത് കാണിക്കാനാണ് അവള് ഇത്തരത്തില്‍ ഒരു വിവാഹമോചന പാര്‍ട്ടി സംഘടിപ്പിച്ചത്. 2018 ലാണ് വിവാഹമോചനത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
പക്ഷേ അത് മൂന്ന് വര്‍ഷത്തേക്ക് നീണ്ടു. ഒടുവില്‍, നിരവധി ചര്‍ച്ചകള്‍, കോടതിയില്‍ ഹാജരാകൽ, വിചാരണകള്‍, വിയോജിപ്പുകള്‍ എന്നിവയ്ക്ക് ശേഷം വിവാഹമോചനം ലഭിച്ചു. വിവാഹമോചനത്തിന് ശേഷം ജീവിതമില്ലെന്ന് ആളുകള്‍ സാധാരണയായി വിശ്വസിക്കുന്നു, അതിനുശേഷം നിങ്ങളുടെ ജീവിതം അവസാനിക്കും എന്നാണ് പലരുടെയും കാഴ്ചപ്പാട്. എന്നാല്‍ വാസ്തവത്തില്‍, വിവാഹ മോചനത്തോടെ എന്റെ ജീവിതം ആരംഭിക്കുകയാണ് ചെയ്തത്. ഈ വര്‍ഷങ്ങളില്‍ ഞാന്‍ വളരെയധികം പഠിക്കുകയും കൂടുതല്‍ ശക്തയായ വ്യക്തിയായി മാറുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ജയില്‍ മോചിതയായതുപോലെ ഒരു സ്വാതന്ത്ര്യം തോന്നുന്നു. ഇപ്പോള്‍ ഞാന്‍ എന്റെ ഏറ്റവും മികച്ച ജീവിതമാണ് നയിക്കുന്നതെന്നും സോണിയ പറഞ്ഞു.
Comments