മിഡ് സൈസ് സെഡാനായ യാരിസിന്റെ നിർമാണം ഇന്ത്യയിൽ അവസാനിപ്പിച്ച് ടൊയോട്ട കിർലോസ്കർ. കമ്പനി തന്നെയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. പുതിയ പ്രോഡക്ട് സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കുന്നതെന്നാണ് ടൊയോട്ട പറയുന്നത്. പകരക്കാരൻ അടുത്ത വർഷത്തോടെ എത്തുമെന്നാണ് സൂചന. മാരുതി സിയാസിന്റെ റീബാഡ്ജ്ഡ് വാഹനമായിരിക്കും എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മികച്ച ഫീച്ചറുകളും നിർമാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. ഇത് തന്നെയായിരുന്നു വാഹനത്തെ അതിവേഗത്തിൽ ജനപ്രിയമാക്കിയത്. പെട്രോള്‍ എന്‍ജിനില്‍ മാത്രം ടൊയോട്ട വിപണിയില്‍ എത്തിച്ച വാഹനമായിരുന്നു യാരിസ്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡ്യുവല്‍ വിവിടിഐ എന്‍ജിനായിരുന്നു വാഹനത്തിന്റെ കരുത്ത്. 108 ബിഎച്ച് പവറും 140 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.















