ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. കഴിഞ്ഞ സീസണിലെ എല്ലാ ക്ഷീണവും തീർത്താണ് ധോണിയും കൂട്ടരും 9-ാം ജയം ആഘോഷിച്ചത്.ഹൈദരാബാദിന്റെ 7ന് 134 എന്ന സ്‌കോർ ചെന്നൈ 19.4 ഓവറിൽ 139 റൺസ് എടുത്ത് മറികടന്നു.
ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ജയിച്ചത്. ധോണിയുടെ അസാമാന്യ തന്ത്രങ്ങൾ ബൗളർമാർ നടപ്പാക്കിയപ്പോൾ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദ്(45) ഡ്യൂപ്ലെസി(41) എന്നിവർ ബാറ്റിംഗിൽ അടിത്തറ പാകി. ജയിക്കാൻ രണ്ടു പന്തിൽ രണ്ടു റൺസ് എന്ന നിലയിലെത്തി നിൽക്കേയാണ് നായകൻ ധോണി തന്റെ എക്കാലത്തേയും സ്റ്റൈലൻ സിക്‌സർ ഗ്യാലറിയിലേക്ക് പായിച്ച് ജയം സ്വന്തമാക്കിയത്. ധോണി 11 പന്തിൽ 14 റൺസും അമ്പാട്ടി റായിഡു 13 പന്തിൽ 17 റൺസും എടുത്ത് പുറത്താകാതെ നിന്നു. ചെന്നൈ നിരയിൽ മൊയീൻ അലി(17) സുരേഷ് റയ്‌ന(2) എന്നിവർ പെട്ടന്ന് പുറത്തായെങ്കിലും നിർണ്ണായക സമയത്ത് ഉറച്ചുനിന്ന അമ്പാട്ടി റായിഡുവും ധോണിയും ടീമിന് 9-ാം ജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹ(44)ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. ലോകോത്തര താരവും നായകനുമായ കെയിൻ വില്യംസണിനെയടക്കം ചെന്നൈ ബൗളർമാർ വീഴ്‌ത്തി. ജാസൺ റോയ്(2), പ്രിയം ഗാർഗ്(7), അഭിശേക് ശർമ്മ(18) എന്നിവർ വീണതോടെ ഹൈദരാബാദ് 7ന് 134 എന്ന നിലയിലേക്ക് ഒതുങ്ങി. ഹേസൽവുഡ് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ബ്രാവോ രണ്ടു വിക്കറ്റുകളും ഷാർദ്ദൂൽ ഠാക്കൂർ, ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. 11-ാം തവണയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്നത്. രാജസ്ഥാൻ, ഡൽഹി, പഞ്ചാബ് എന്നിവരുമായി ഇനി ചെന്നൈയ്‌ക്ക് മത്സരം ബാക്കിയുണ്ട്.















