ഇസ്ലാമാബാദ് : പാകിസ്താനിൽ സിഖ് വംശജനായ ഡോക്ടറെ കൊലപ്പെടുത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് യുനാനി ഡോക്ടറായ ഹക്കീം സർദാർ സത്നം കൊല്ലപ്പെട്ടത്.
സമൂഹമാദ്ധ്യമത്തിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടന രംഗത്ത് വന്നത്. അതേസമയം കൊലചെയ്യാനുണ്ടായ കാരണം ഭീകരർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ചയായിരുന്നു ഹക്കീമിനെ ഭീകരർ കൊലപ്പെടുത്തിയത്. പെഷവാറിലെ യുനാനി ചികിത്സാ കേന്ദ്രത്തിൽ എത്തിയ ഭീകരർ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പ്രദേശത്തെ പ്രമുഖരിൽ ഒരാളാണ് ഹക്കീം. കഴിഞ്ഞ 20 വർഷക്കാലമായി അദ്ദേഹം കുടുംബവുമായി ഇവിടെ താമസിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.















