കാബൂൾ: അഫ്ഗാനിസ്താനിലെ പൈതൃക സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സംരക്ഷിക്കുമെന്ന് താലിബാൻ ഭരണകൂടം. അഫ്ഗാനിൽ നിലവിലുള്ള നാൽപ്പത് ശതമാനം കേന്ദ്രങ്ങളും നാശത്തിന്റെ വക്കിലാണെന്നും അവ എത്രയും പെട്ടന്ന് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് താലിബാൻ സാംസ്‌കാരിക വകുപ്പു മേധാവി സാൽമായ് സാഫ പറയുന്നത്. ഇതിനിടെ താലിബാൻ മുമ്പ് ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്ത സംഭവങ്ങൾ ലോക പൈതൃക സംരക്ഷകർ ഓർമ്മിപ്പിച്ചു.
അഫ്ഗാനിലെ ഹെറാത് പ്രവിശ്യയിലാണ് ഏറ്റവുമധികം പൈതൃക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഹെറാത് നഗരത്തിലെ അഞ്ച് മീനാരങ്ങൾ നിർമ്മാണ വൈദഗ്ധ്യത്തിന്റെ കാര്യത്തിൽ അത്ഭുതങ്ങളായി നിലകൊള്ളുന്നവയാണ്. യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ജാമിലെ മീനാരം 11-ാം നൂറ്റാണ്ടിൽ പണിതതാണ്. നാലാം നൂറ്റാണ്ടിൽ പണിത ബാമിയാനിലെ മലയിൽ കൊത്തിയ ബുദ്ധപ്രതിമകളും യുനസ്‌കോയുടെ പട്ടികയിലുണ്ടായിരുന്നു. പൂർണ്ണമായും അംഗീകരിക്കാത്തവയിൽ ഹെറാത് പൈതൃക നഗരം, ബാൽഖ് നഗരം, ബാന്ദ് ഈ അമീർ എന്ന തടാകം, ബാഗ് ഈ ബാബർ എന്ന വിശാല പൂന്തോട്ടം എന്നിവയും ഉൾപ്പെടുന്നു. 780 സ്മാരകങ്ങളാണ് ഹെറാത്തിലുള്ളത്. പഴയ കോട്ടകൾ, പള്ളികൾ, മീനാരങ്ങൾ, ഖബറുകൾ എന്നിവ നൂറ്റാണ്ടുകളായി വിശ്വാസികളുടെ സന്ദർശനം നടക്കുന്ന ഇടങ്ങളാണെന്നും അഫ്ഗാൻ സാംസ്‌കാരിക വകുപ്പ് മന്ത്രി മൗലാനാ നയീം ഉൾ ഹഖ് ഹഖ്വാനി അറിയിച്ചു.
മുൻ ഭരണകൂടം കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് സ്മാരകങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. 46 സ്മാരകങ്ങളാണ് വിദേശരാജ്യങ്ങളുടെ സഹായത്താൽ അഷ്‌റഫ് ഗാനി ഭരണകൂടം പുതുക്കിയെടുത്തത്. എന്നാൽ താലിബാന്റെ 1990കളിലെ ആദ്യ ഭരണകാലത്ത് ലോകത്തെ ഏറ്റവും വലിയ ബുദ്ധ പ്രതിമകൾ പീരങ്കികൾ ഉപയോഗിച്ച് തകർത്തെറിഞ്ഞ സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. താലിബാന്റെ അന്യവിശ്വാസങ്ങളോടുള്ള സാംസ്കാരിക വിരുദ്ധത ആഗോള തലത്തിലെ പൈതൃക സംരക്ഷകർ ദുരനുഭവമായിട്ടാണ് ചൂണ്ടിക്കാട്ടുന്നത്.















