തിരുവനന്തപുരം : സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട അന്തിമ മാർഗ രേഖ പുറത്തിറക്കി. വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ, ആരോഗ്യമന്ത്രിമാർ ചേർന്നാണ് മാർഗ രേഖ പുറത്തിറക്കിയത്. തിരികെ സ്കൂളിലേക്ക് എന്ന തലക്കെട്ടോടെ പുറത്തിറക്കിയ മാർഗ രേഖയിൽ എട്ട് വിഭാഗങ്ങളുണ്ട്.
ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി ചേർന്ന് ഉന്നത തല യോഗം ചേർന്നിരുന്നു. ഇതിൽ രൂപീകരിച്ച നാല് അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർഗ രേഖ തയ്യാറാക്കിയിരിക്കുന്നത്.
ആദ്യ രണ്ട് ആഴ്ചകളിൽ കുട്ടികൾക്ക് രാവിലെ മുതൽ ഉച്ചവരെ മാത്രമാകും ക്ലാസുകൾ ഉണ്ടാകുക. പൊതു അവധി ഒഴികെ ബാക്കിയെല്ലാ ശനിയാഴ്ചയും പ്രവർത്തി ദിവസം ആയിരിക്കും. ദിവ്യാംഗരായ വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് വരേണ്ടതില്ല. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അദ്ധ്യാപക- അനദ്ധ്യാപകരും, മറ്റ് ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും മാർഗ്ഗ രേഖയിൽ പറയുന്നു.
കുട്ടികൾ കൂട്ടംകൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശുചിമുറികൾ, ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾ കൂട്ടം കൂടാതിരിക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്കായി അക്കാദമിക് കലണ്ടർ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പറഞ്ഞു.
ബയോബബിൾ മാതൃകയിലാകും ക്ലാസുകൾ സംഘടിപ്പിക്കുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കൊറോണാനന്തര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ, വീട്ടിൽ കൊറോണ രോഗികളുള്ളവർ, എന്നിവരൊന്നും സ്കൂളിലേക്ക് വരാൻ പാടില്ല. സ്കൂളുകൾ രോഗലക്ഷണ രജിസ്റ്ററുകൾ സ്ഥാപിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നും വീണാ ജോർജ് കൂട്ടി്ച്ചേർത്തു.
Comments