നൃൂഡൽഹി: ബിഎസ്എൻഎൽ 4 ജി നെറ്റ്‌വർക്കിലൂടെ ആദ്യ കോൾ ചെയ്തു ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് പുതിയ വികസനങ്ങൾക്ക് രൂപം കൊടുക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ പല പ്രദേശങ്ങളിലും കമ്പനി ഇപ്പോൾ ഉപഭോക്താക്കൾക്ക് ഡിസംബർ 31 വരെ സൗജന്യ 4ജി സിം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 4ജി നെറ്റ്‌വർക്കാണ്. ബിഎസ്എൻഎൽ വളരെക്കാലമായി ഇന്ത്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4 ജി നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്നുണ്ട്.
2021-22 സാമ്പത്തിക വർഷത്തിൽ 24,084 കോടി രൂപയാണ് 4 ജി സേവനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിട്ടുളളത് . ബിഎസ്എൻഎൽ, എംടിഎൻഎൽ പുനരുദ്ധാരണ പാക്കേജിന് 69,000 കോടി രൂപയാണ് നിക്ഷേപ്പിച്ചിട്ടുളളത്. ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട് ബിഎസ്എൻഎൽ 4 ജി നെറ്റ്‌വർക്ക് വിപുലീകരിക്കുമ്പോൾ ടെലികോം വകുപ്പ് അവരുടെ ഗവേഷണ വിഭാഗമായ സി ഡോട്ടിനോട് 6 ജി സാങ്കേതിക വിദ്യയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശിച്ചു കഴിഞ്ഞു.
ആഗോള വിപണിയിൽ 6 ജിയിലും മറ്റ് ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യകളിലും പ്രവർത്തിക്കാൻ ആരംഭിക്കണമെന്ന് ടെലികോം ഗവേഷണ-വികസന വിഭാഗമായ സി-ഡോടിനോട് ടെലികോം സെക്രട്ടറി കെ രാജരാമൻ ആവശ്യപ്പെട്ടു. സാംസങ്, ഹുവാവേ, എൽജി, മറ്റ് ചില കമ്പനികൾ 6 ജി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ഇത് 5 ജിയേക്കാൾ 50 മടങ്ങ് വേഗതയുള്ളതാണെന്നും 2028-2030 കാലയളവിൽ വാണിജ്യപരമായി ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments