മലപ്പുറം: സംസ്ഥാനത്തെ പ്രളയദുരന്തവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെടി ജലീലിന്റെ പേരിൽ വ്യാജ പ്രചരണം. സംസ്ഥാനത്തെ മഴക്കെടുതിയെ മതവുമായി ബന്ധപ്പെടുത്തിയാണ് പ്രചാരണം നടക്കുന്നത്. കെ.ടി ജലീലിന്റെ പേരിലുള്ള ഫേസ്ബുക്ക് സ്ക്രീൻ ഷോട്ടായാണ് പ്രചാരണം.
പ്രളയത്തിന് കാരണം മുസ്ലിം സമുദായത്തെ അപകീര്ത്തിപ്പെടുത്തിയതാണെന്നാണ് പോസ്റ്റിൽ പറയുന്നത്. പാലായിൽ പെയ്തിറങ്ങിയ ദുരന്തം ക്ഷണിച്ചുവരുത്തിയതാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇനി ഇത് പ്രളയജിഹാദാണെന്ന് മാത്രം പറയരുതെന്നും പോസ്റ്റിലൂടെ പരിഹാസം ഉയരുന്നു. ഈ ദുരന്തത്തിനും ഒരു ദൃഷ്ടാന്തമുണ്ട്. മുസൽമാന്റെ ആയുധം പ്രാർത്ഥനായാണെന്നും ആ പ്രാർത്ഥന നാഥൻ സ്വീകരിച്ചുവെന്നും പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റിനെതിരെ കെ.ടി ജലീല്‍ തന്നെ രംഗത്തെത്തി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ജലീലിന്റെ പ്രതികരണം.
ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്സാപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും, കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ മുതലെടുത്താണ് സമൂഹമാദ്ധ്യമങ്ങളിൽ ഈ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നതെന്നാണ് വിലയിരുത്തൽ. സ്ക്രീൻ ഷോട്ടിനെതിരെ ഇത്തരത്തിലുള്ള പ്രതികരണവും ആളുകൾ നടത്തുന്നുണ്ട്. മത ധ്രൂവികരണം ലക്ഷ്യമിട്ടാണ് ഈ ദുരന്തസമയത്തും ഇത്തരത്തിലുള്ള ഒരു പ്രചാരണം നടത്തിയതെന്നും സമൂഹമാദ്ധ്യമങ്ങൾ പ്രതികരിക്കുന്നു.
Comments