കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
പാർട്ടിക്കുളളിലെ വിഭാഗീയതയാണ് പോസ്റ്റർ യുദ്ധത്തിൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലോക്കൽ സമ്മേളനത്തിൽ മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ ഇറങ്ങി പോയിരുന്നു. ഇതിന്റെ പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യമെന്നാണ് പോസ്റ്ററുകളിലെ വാചകങ്ങൾ. സിപിഐയിൽ നിന്നാണ് ചന്ദ്രൻ സിപിഎമ്മിലേക്ക് മാറിയത്. ഒരു കമ്യൂണിസ്റ്റുകാരന്റെ കൈയ്യിൽ രണ്ട് തോക്കുണ്ടായിരിക്കണം ഒന്ന് വർഗശത്രുവിനെതിരെയും രണ്ട് വഴിപിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിന് എതിരെയും എന്ന ഹോ ചി മിന്റെ വാചകങ്ങളും പോസ്റ്ററുകളിൽ പതിച്ചിട്ടുണ്ട്.
സംഭവത്തിൽ പാർട്ടി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.
Comments