ഉദെൻസേ: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിന്റെ ഡെൻമാർക്ക് ഓപ്പണിലെ മികച്ച പ്രകടനത്തിൽ പ്രതീക്ഷയുമായി മുൻ അന്താരാഷ്ട്ര താരം പ്രകാശ് പദുകോൺ. വരാനിരിക്കുന്ന ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് കിരീടം സിന്ധു നേടണമെന്നാണ് പദുകോൺ വാശിയോടെ പറയുന്നത്. ലോകറാങ്കിംഗിൽ എത്ര മുന്നേറി എന്നതിലല്ല മറിച്ച് പ്രധാന കിരീടങ്ങൾ നേടുക എന്നതാണ് സിന്ധു ചെയ്യേണ്ടതെന്നും മുൻ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ വ്യക്തമാക്കി.
ഇന്നലെ നടന്ന പോരാട്ടത്തിൽ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ സിന്ധു തുർക്കിയുടെ നെസ്ലിഹാൻ യിഗിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. 21-12, 21-10 എന്ന നിലയിൽ അനായാസമായിട്ടാണ് സിന്ധു മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ഒളിമ്പിക്സിന് ശേഷം രണ്ടു ടൂർണ്ണമെന്റിൽ നിന്നും വിട്ടുനിന്ന ശേഷമാണ് ഡെൻമാർക്കിൽ ഇറങ്ങിയത്.
ഇന്തോനേഷ്യയിലെ സുദിർമാൻ കപ്പിലും യൂബർ കപ്പിലും സിന്ധു പങ്കെടുത്തിരുന്നില്ല. തായ്ലന്റിന്റെ ബുസ്നാൻ ഓൻഗാംറുംഗ്ഫാനാണ് അടുത്ത റൗണ്ടിലെ എതിരാളി. പുരുഷവിഭാഗത്തിൽ കിടംബി ശ്രീകാന്തും സമീർ വെർമയും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
Comments