അനാഥ മന്ദിരങ്ങളിലെയും ശിശു മന്ദിരങ്ങളിലെയും കുരുന്നുകൾക്കൊപ്പം ജൻമദിനം ആഘോഷിക്കുന്ന സുമനസ്സുകൾ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ . ഉറ്റവരും ബന്ധുക്കളുമില്ലാത്ത കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവഴിക്കാനും അവർക്ക് സന്തോഷം പകരാനും വേണ്ടിയായിരിക്കും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
രാഷ്‌ട്രീയക്കാരും സിനിമാക്കാരുമായിട്ടുള്ള സെലിബ്രിറ്റികളാണ് ആഘോഷങ്ങൾക്കായി അനാഥമന്ദിരങ്ങൾ കൂടുതലും തെരഞ്ഞെടുക്കുന്നത്. ഇത്തരം ആഘോങ്ങൾ നടത്തുമ്പോൾ ബാലമന്ദിരങ്ങളിൽ ഉള്ള കുഞ്ഞുങ്ങൾക്ക് അവരുടെ ജന്മദിനം എന്നാണെന്ന് പോലും അറിയുന്നില്ല എന്ന കാര്യം ആരും ചിന്തിക്കുന്നില്ല. ഇത് അനാഥമന്ദിരങ്ങളിലെ കുട്ടികളിൽ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് അനാഥമന്ദിരങ്ങളിലെ ജൻമദിനാഘോഷം നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക സർക്കാരിന്റെ ഉത്തരവ് സമൂഹമാദ്ധ്യമങ്ങളിൽ കയ്യടിനേടുകയാണ്.
ഒരിറ്റ് വാത്സല്യത്തിനായി കൊതിക്കുന്ന അനാഥബാല്യങ്ങൾക്ക് മുന്നിൽ രാഷ്‌ട്രീയക്കാരും, സിനിമാക്കാരും ഇനി ജന്മദിനാഘോഷങ്ങൾ നടത്തേണ്ട എന്നാണ് കർണാടക സർക്കാരിന്റെ ഉത്തരവ്. ബാല മന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളെ ഇത് മാനസികമായി തളർത്തുന്നുണ്ട്. ഡയറക്ടറേറ്റ് ഓഫ് ചൈൽഡ് പ്രൊട്ടക്ഷൻ പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, ഇത്തരം ആഘോഷങ്ങൾ ബാലമന്ദിരങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ മാനസികമായി പ്രതികൂല സ്വാധീനം ചെലുത്തുന്നുവെന്നാണ് കണ്ടെത്തൽ.
ഭിക്ഷാടനം, ലൈംഗികാതിക്രമം, മാതാപിതാക്കളുടെ പീഡനം, ബാലവേല, ബാലവിവാഹം, എന്നീ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരാണ് ബാലമന്ദിരങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം കുട്ടികളും. ഇവിടുത്തെ മിക്ക കുട്ടികളും തങ്ങളുടെ ജന്മദിനത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് സങ്കടപ്പെടാറുണ്ടെന്ന് ചൈൽഡ് റൈറ്റ്‌സ് ട്രസ്റ്റ് ഡയറക്ടർ നാഗസിംഹ ജി റാവു പറഞ്ഞു. ജന്മദിനാഘോഷ പരിപാടികൾ കാണുമ്പോൾ ഈ കുട്ടികളുടെ മനസ്സിലും ഇത്തരം ആഘോഷങ്ങൾക്കായുള്ള ആഗ്രഹങ്ങൾ വളരുന്നു. ഇത് പലപ്പോഴും ബാല മനസ്സുകളെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞു മനസുകളിൽ നോവായി മാറുന്ന ഒരു പരിപാടികളും ഇനി ആവശ്യമില്ലെന്ന് ഉത്തരവിട്ട സർക്കാർ ഇവർക്ക് വേണ്ടി കൂടുതൽ പദ്ധതികളും പുറത്തിറക്കി. ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കും, സ്വകാര്യ സംഘടനകൾ നടത്തുന്ന ചൈൽഡ് കെയർ ഹോമുകൾക്കും സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.















