ഭൂമി നിശ്ചലമാകാൻ പോകുന്നു. ജീവികളും ജന്തുജാലങ്ങളും നിമിഷ നേരം കൊണ്ട് ശ്വാസം കിട്ടാതെ മരിച്ചുവീഴും. സൂര്യന്റെ വെളിച്ചത്തെ ഇരുട്ട് കാർന്നു തിന്നും. ഏറെ നാളായി നമ്മളെല്ലാവും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളാണിത്. ഇതിൽ യാഥാർത്ഥ്യമുണ്ടോ എന്ന് ചിന്തിച്ച് ആശങ്കപ്പെടാത്തവരായി ആരുമുണ്ടാവില്ല. ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടെന്നു തന്നെയാണ് ശാസ്ത്രപഠനങ്ങളും വ്യക്തമാക്കുന്നത്. ഭൂമിയുടെ അവസാനത്തിന് വില്ലനാകുക ആഗോളതാപനം എന്ന വിപത്തായിരിക്കുമെന്ന് ശാസ്ത്രലോകം പറയുന്നു.
ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തും കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിതീവ്രമായ ഇടിമഴകൾ അടുത്തകാലത്തായി വർധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കേരളവും ഈ ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇതെല്ലാം ഒരു അവസാനത്തിന്റെ തുടക്കം മാത്രമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
ഓക്‌സിജൻ സമ്പന്നമായ ഭൂമിയിൽ ഇന്ന് ജീവിതം മുന്നോട്ട് പോകുന്നുണ്ട്. പക്ഷേ ഭൂമി എല്ലായ്‌പ്പോഴും ഇങ്ങനെ നിൽക്കില്ല .ഓക്‌സിജന്റെ അളവ് ക്രമേണ കുറയുന്നുവെന്നും വൈകാതെ ഓക്‌സിജന്റെ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവ് ഭൂമിയിലെ എല്ലാ ജീവികളുടെയും മരണത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നത്. ശ്വാസം കിട്ടാതെ പിടഞ്ഞാകും ഭൂരിഭാഗം ജീവജാലങ്ങളുടെയും അന്ത്യം. ഭൗമശാസ്ത്രജ്ഞനായ ക്രിസ് റീൻഹാർഡ്, പരിസ്ഥിതി ശാസ്ത്രജ്ഞനായ കസുമി ഒസാക്കി എന്നിവരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ഭൂമിയിൽ സംഭവിക്കുന്ന ഈ വ്യതിയാനം ഒരു ബില്യൺ വർഷമോ അതിൽ കൂടുതൽ വർഷങ്ങളോ കഴിഞ്ഞാകും സംഭവിക്കുക. എന്നാൽ മാറ്റം വരുമ്പോൾ, അത് വളരെ വേഗത്തിൽ സംഭവിക്കുമെന്ന് ഈ വർഷം ആദ്യം മുതൽ നടത്തിയ പഠനം സൂചിപ്പിക്കുന്നുണ്ട്. ഈ മാറ്റം ഭൂമിയെ ഏകദേശം 2.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ദി ഗ്രേറ്റ് ഓക്‌സിഡേഷൻ ഇവന്റ് എന്നറിയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകും.
ഈ അവസ്ഥയിൽ ഒരു ജീവജാലത്തിനും ഭൂമിയിൽ ജീവിക്കാൻ കഴിയില്ല. ശ്വാസം ലഭിക്കാതെ ജീവികൾ മരിക്കുകയോ അല്ലെങ്കിൽ പ്രത്യുൽപാദനം തന്നെ അവസാനിക്കുകയോ ചെയ്യും. ഭൂമിയിലെ താപനിലയും, മർദവുമെല്ലാം ഈ മാറ്റത്തിന് പിന്നിലെ കാരണമാണ്. ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയിൽ ഈർപ്പമുള്ള ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
സൂര്യന്റെ തെളിച്ചത്തിലും മാറ്റങ്ങൾ ഉണ്ടാകും. കാർബൺ ഡൈഓക്‌സൈഡിന്റെ അളവ് കുറയുകയും ചെയ്യും. കുറവ് കാർബൺ ഡൈഓക്‌സൈഡ് എന്നാൽ സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണം പോലുള്ള കാര്യങ്ങൾ തടസ്സപ്പെടും. ഇത് ഓക്‌സിജനെയും കുറയ്‌ക്കും. സൂര്യനിൽ നിന്നുള്ള വർദ്ധിച്ച വികിരണം ഏകദേശം 2 ബില്ല്യൺ വർഷങ്ങൾക്കുള്ളിൽ ഭൂമുഖത്ത് നിന്ന് സമുദ്രജലം തുടച്ചുനീക്കുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു.
അമിതമായ ഊർജ്ജ ഉപയോഗം ഭൂമിയെ ഒരു തീഗോളമാക്കി മാറ്റുമെന്നാണ് പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് നേരത്തെ പറഞ്ഞത്. മനുഷ്യരാശിക്ക് ഇനി നിലനിൽക്കണമെങ്കിൽ 600 വർഷത്തിനുള്ളിൽ ഇതുവരെ ആരും കാല് കുത്തിയിട്ടില്ലാത്ത ഗ്രഹത്തിലേക്ക് പോകണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് പലരും സ്റ്റീഫൻ ഹോക്കിംഗിനെ പരിഹസിച്ചെങ്കിലും ഇന്ന് ഭൂമിയുടെ മാറ്റങ്ങൾ നേരിട്ട് അനുഭവിക്കാൻ തുടങ്ങിയപ്പോൾ ഇത് സത്യമാണെന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല.
ഭൂമിയിൽ ഓക്‌സിജന്റെ അളവ് കുറയുകയും ആർക്കും ജീവിക്കാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യുമെന്ന് പ്രവചിക്കുന്ന സാഹചര്യത്തിൽ സൗരയൂഥത്തിന് പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങൾക്കായുള്ള ഗവേഷണങ്ങൾ നടത്തുന്ന തിരക്കിലാണ് ശാസ്ത്രലോകം.















