ഇടുക്കി: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് 40 ക്യുമിക്സ് ആക്കി നിജപ്പെടുത്താനാണ് തീരുമാനം. മഴ കുറഞ്ഞതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലുമാണ് നടപടി. രണ്ട്, നാല് ഷട്ടറുകളാണ് അടച്ചത്, മൂന്നാമത്തെ ഷട്ടർ 40 സെന്റി മീറ്ററിലേക്ക് ഉയർത്തുകയും ചെയ്യും.
2403 അടിയാണ് അണക്കെട്ടിന്റെ പൂർണ സംഭരണശേഷി. നിലവിൽ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. അണക്കെട്ടിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്.
ജലനിരപ്പ് 2398.08 അടിയായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 11നാണ് മൂന്ന് ഷട്ടറുകൾ 35 സെൻറിമീറ്റർ വീതം തുറന്നത്. മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ഇടുക്കി ജല സംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലും കാലാവസ്ഥ അനുകൂലമായതിനാലുമാണ് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുന്നത്.
Comments