പച്ച മനുഷ്യന്റെ ജീവിതം ക്യാൻവാസിലേയ്‌ക്ക് പകർത്തിയ പാബ്ളോ പിക്കാസോ. ജീവിത ഗന്ധിയായ ഒരുകൂട്ടം രചനകൾക്ക് തന്റെ മാന്ത്രിക വിരലുകളിലൂടെ ജന്മനം നൽകിയ സ്പാനിഷ് കലാകാരൻ. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങൾ പലതും പിക്കാസോയുടെ സൃഷ്ടികളാണ്. 104 മില്യൺ അമേരിക്കൻ ഡോളറിനാണ് ഗാർക്കൺ അല പിപ്പ് എന്ന പിക്കാസോ ചിത്രം 2004 ൽ വിൽപന നടന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ചിത്രകലാകാരൻമാരിൽ മുൻപന്തിയിലാണ് പാബ്ളോ പിക്കാസോയുടെ സ്ഥാനം. പിക്കാസോ വരച്ച സൃഷ്ടടികൾ നൂറ്റാണ്ടുകൾക്കിപ്പുറവും മഹത്തരം തന്നെ. ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ ജീവിതം ക്യാൻവാസിലേയ്‌ക്കും ശില്പങ്ങളിലേയ്‌ക്കും സന്നിവേശിപ്പിച്ച രചനകൾ കാലങ്ങൾക്കിപ്പുറവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. 1881 ഒക്ടോബർ 25 ന് യൂറോപ്യൻ രാജ്യമായ സ്‌പെയിനിലാണ് പാബ്‌ളോ പിക്കാസോയുടെ ജനനം. ചെറുപ്പം തൊട്ടേ ചിത്രകലയിൽ മികവ് പുലർത്തിയിരുന്നു. അദ്ദേഹം ഉച്ചരിച്ച ആദ്യത്തെ വാക്കുതന്നെ പെൻസിൽ എന്ന് അർത്ഥം വരുന്ന ലാപിസ് എന്ന സ്പാനിഷ് പദമായിരുന്നു. ഏഴാം വയസ്സ് തൊട്ടുതന്നെ ഡ്രോയിങ്ങിലും, ഓയിൽ പെയിന്റിങ്ങിലും പ്രാഥമിക പരിശീലനം അച്ഛനിൽ നിന്നു തന്നെ പിക്കാസോയ്‌ക്ക് ലഭിച്ചു.
ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു പിക്കാസോ. വസ്തുക്കളെ വേർതിരിക്കുകയും പിന്നീട് അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം. 13,500 ചിത്രങ്ങൾക്കും, പുസ്തകങ്ങൾക്കായി 34,000 ചിത്രങ്ങൾക്കും പിക്കാസോ ജനം നൽകി.
300 റോളം ശിൽപങ്ങളും ഈ സ്പാനിഷ് കലാകാരൻ സൃഷ്ടിച്ചു. പികാസോയുടെ ശ്രേഷ്ഠമായ സൃഷ്ടികളിൽ ഒന്നാണ് ഗർണിക. ഏത് മാധ്യമത്തിലും ചിത്രങ്ങൾ വരയ്്ക്കാൻ സാധിക്കുമെന്നതായിരുന്നു ഈ കലാകാരന്റെ പ്രത്യേകത. ഓയിൽ, ജലചായം, പേസ്റ്റൽ ചായം, ചാർക്കോൾ, പെൻസിൽ, മഷി തുടങ്ങിയവയെല്ലാം തന്റെ കൈകൾക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരൻ കൂടിയാണ് പിക്കാസോ. ചിത്രകലയിൽ ഒതുങ്ങി കഴിയാതെ ശിൽപകലയിലും പ്രാവിണ്യം തെളിയിച്ച് കളിമണ്ണിലും വെങ്കലത്തിലും കവിത രചിച്ചു.
യുദ്ധത്തിന്റെ ഭീകരത പ്രകടമാക്കുന്ന ഗാർണിക എന്ന ചിത്രമാണ് വിശ്വ പ്രസിദ്ധമായ സൃഷ്ടി. സ്പെയിനിലെ ഗ്വെർണിക്കയിൽ നടന്ന ജർമ്മൻ ബോംബാക്രമാണ് ഗാർണികയുടെ പിറവിയ്‌ക്ക് ആധാരം. വളരെ നീളമുള്ള ക്യാൻവാസിലാണ് ഈ ചിത്രം വരച്ചു തീർത്തത്. കുറേക്കാലം ന്യൂയോർക്കിലെ മോഡേൺ ആർട്ട് മ്യൂസിയത്തിലുണ്ടായിരുന്ന ചിത്രം 1981 ൽ സ്പെയിനിൽ തിരിച്ചത്തിയ കലാസൃഷ്ടടി മാഡ്രിഡിലെ റെയ്നാ സോഫിയ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
സ്പെയിനിൽ ജനാധിപത്യം പുലരുന്നതു വരെ ചിത്രം നാട്ടിലേക്ക് കൊണ്ടുവരുതെന്ന് പിക്കാസോ നിർദ്ദേശിച്ചിരുന്നു. പാരീസിലെ പ്രശസ്തമായ ലൂവ്ര് കാഴ്ച ബംഗ്ലാവിൽ തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90 വയസ്സായിരുന്നു പിക്കാസോയുടെ പ്രായം. ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ. ജീവിത കാലഘട്ടം പൂർണമായും കലാസൃഷ്ടികൾക്കായി സമർപ്പിച്ച അതുല്യകാലാകാരൻ 1973 ഏപ്രിൽ 9 ന് ഈ ലോകത്തോട് വിട പറഞ്ഞു. മനുഷ്യരാശിക്കായി ഒരുകൂട്ടം അമൂല്യസൃഷ്ടികൾ മാത്രം ബാക്കിയാക്കി.
Comments