തിരുവനന്തപുരം: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. 2020 മാർച്ചിൽ റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രം, കൊറോണ പ്രതിസന്ധി മൂലം നീണ്ടു പോവുകയായിരുന്നു. ചിത്രം ഒടിടിയിൽ റിലീസ് ആയി പ്രേക്ഷകരിലെത്തിക്കാനുള്ള സാദ്ധ്യതയും അണിയറ പ്രവർത്തകർ ആലോചിക്കുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ തുടങ്ങിയതായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു.
ഇപ്പോഴിതാ മരക്കാർ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഫിലിം ചേംബർ. തീയേറ്റർ ഉടമകളുടെ ആവശ്യപ്രകാരമാണ് വിഷയത്തിൽ ഫിലിം ചേംബർ ഇടപെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആന്റണി പെരുമ്പാവൂർ, നടൻ മോഹൻലാൽ എന്നിവരോട് ചേംബർ പ്രസിഡന്റ് ജി സുരേഷ് കുമാർ ചർച്ച നടത്തും.
ആമസോൺ പ്രൈമുമായി ചർച്ച നടത്തിയെന്നും ഈ വർഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നുമാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. 50 ശതമാനം സിറ്റിംഗ് കപ്പാസിറ്റിയിൽ സിനിമ റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ഫിലിം ചേംബർ എത്തിയത്.
മലായാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മുൺലൈറ്റ് എന്റർടെയിൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.















