വാഷിംഗ്ടൺ : ലോകത്ത് നിരവധി സ്മാരകങ്ങൾ നിർമ്മിക്കപ്പെടാറുണ്ട്. ആളുകളുടെ പേരിലും എന്തെങ്കിലും സംഭവവികാസങ്ങളുടെ പേരിലും പലപ്പോഴും സ്മാരകങ്ങൾ ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ഉയരുന്നു. ഇങ്ങനെ ഉയരുന്ന സ്മാരകങ്ങളിൽ ചിലത് ലോകാത്ഭുതങ്ങളായി തീരുകയും ചെയ്യാറുണ്ട്.
ഇറ്റലിയിൽ ഉയരാൻ പോകുന്ന ഒരു സ്മാരകത്തിന് അല്പം വ്യത്യസ്തമായ കഥയാണ് പറയാനുള്ളത്.ഇവിടെ ഒരു കാർ ആണ് സ്മാരകമായി മാറുന്നത്.സ്മാരകം സ്ഥാപിക്കുന്ന ഇടത്തിനും ഉണ്ട് നിരവധി സവിശേഷതകൾ. 47 വർഷമായി ഒരേ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാർ ആണ് സ്മാരകമാക്കി തീർക്കുന്നത്.
ആഞ്ചലോ ഫ്രിഗോലെന്റ് എന്നയാൾ 1974 മുതൽ ലാൻസിയ ഫുൾവിയ 1962 എന്ന മോഡൽ കാർ കൊനെഗ്ലിയാനോയിൽ പാർക്ക് ചെയ്ത് വരുന്നു. ഫ്രിഗോലെന്റും ഭാര്യ ബെർട്ടില്ലയും ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കാർ സ്ഥിരമായി പാർക്ക് ചെയ്ത ഇടത്ത് ഉപേക്ഷിച്ചു. കാലക്രമേണ പ്രദേശത്ത് എത്തുന്ന വിനോദ സഞ്ചാരികൾ പഴയ ആഡംബര കാർ കൗതുകപൂർവം നോക്കുകയും ഫോട്ടോ എടുത്ത് മടങ്ങുകയും ചെയ്തു.
പിന്നീട് കാർ പാർക്ക് ചെയ്തതിന് പിന്നിലെ കഥ അറിഞ്ഞ് ആളുകൾ സ്ഥലം തേടിപിടിച്ച് എത്താൻ തുടങ്ങി. വളരെപ്പെട്ടന്ന് കാർ പാർക്ക് ചെയ്ത സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം കാർ നഗരത്തിൽ നിന്ന് എടുത്തുമാറ്റാൻ അതികൃതർ തീരുമാനിച്ചു.ഒരു പ്രധാന മോട്ടോർ ഷോയിൽ മറ്റു കാറുകൾക്കൊപ്പം പ്രദർശിപ്പിക്കുകയും കാറിന്റെ കേടുപാടുകൾ മാറ്റുകയും ചെയ്തു. എന്നാൽ ആളുകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കാർ പാർക്ക് ചെയ്ത ഇടത്തു തന്നെ സ്മാരകമായി സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ദമ്പതിമാരുടെ വീടിന് സമീപത്ത് തന്നെയാണ് കാർ സ്മാരകം നിർമ്മിക്കുക.
Comments