തൃശൂർ : പെട്രോളിൽ വെള്ളം കലർന്നെന്ന പരാതിയെ തുടർന്ന് പമ്പ് അടച്ചു. വാടാനപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലെ പമ്പിൽനിന്ന് ബുധനാഴ്ച രാവിലെ വാഹനങ്ങളിൽ പെട്രോൾ നിറച്ചവർക്കാണ് ഈ അനുഭവം. പമ്പിൽനിന്ന് പെട്രോൾ നിറച്ചുപോയ വാഹനങ്ങൾ ഒരുകിലോമീറ്റർ എത്തിയപ്പോഴേക്കും നിശ്ചലമാകുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെട്രോളിൽ വെള്ളം കലർന്നതാണെന്ന് മനസ്സിലായത്. ഇതോടെ പെട്രോൾ അടിച്ചവർ പമ്പിലെത്തി ബഹളം വെക്കുകയായിരുന്നു. കൂടുതൽപേർ എത്തിയതോടെ ബഹളമായി. തുടർന്ന് ഉടമസ്ഥർ തന്നെ പമ്പ് അടച്ചു.
ബുധനാഴ്ച കാറിൽ പെട്രോൾ നിറച്ച് തൃശൂരിലേക്ക് ജോലിക്ക് പോയ തളിക്കുളം സ്വദേശിയുടെ വാഹനം കണ്ടശാംകടവിൽ എത്തിയതോടെ നിശ്ചലമായി. തുടർന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ പെട്രോളിൽ കൂടുതലും വെള്ളമാണെന്ന് കണ്ടെത്തി. എന്നാൽ പെട്രോൾ പമ്പിൽ ബന്ധപ്പെട്ടപ്പോൾ കാരണം അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് പമ്പിലെത്തിയതെന്നും വാഹന ഉടമ പറഞ്ഞു . മുമ്പും ഈ പെട്രോൾ പമ്പിനെതിരെ ഇതേ ആരോപണം ഉയർന്നിരുന്നു.
Comments