ഇത്തവണയും പതിവ് തെറ്റിയില്ല. പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ സൈനികർക്കൊപ്പം തന്നെ. ദീപാവലി ആഘോഷിക്കാൻ ജമ്മുകാശ്മിരിലെ നൗഷേരി ക്യാമ്പിലെത്തിയ നരേന്ദ്ര മോദിയെ ഭാരത് മാതാ കീ ജയ് വിളിച്ചാണ് സൈനികർ സ്വീകരിച്ചത്.
സൈനിക യൂണിഫോമിൽ നൗഷേരിയിലെ ക്യാമ്പിലെത്തിയപ്രധാനമന്ത്രി എല്ലാവർക്കും മധുരം നൽകി. ഭാരതമാതാവിന്റെ സുരക്ഷാ കവചമാണ് ഇന്ത്യൻ സൈനികരെന്ന് ആമുഖത്തിൽ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അഭിസംബോധനയിലുടനീളം സൈനികർക്ക് ആത്മവിശ്വാസം നൽകുന്ന വാക്കുകൾ. രാജ്യത്തെ മുഴുവൻ ജനതയും ധീര സൈനികർക്കൊപ്പമെന്ന ഓർമ്മപ്പെടുത്തൽ.
പ്രധാനമന്ത്രി 2014 ലാണ് ദീപാവലി ആഘോഷിക്കാൻ ആദ്യമായി ജമ്മുകശ്മിരിലെത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സൈനിക പോസ്റ്റായ സിയാച്ചിൻ മലനിരകളിലായിരുന്നു അന്നത്തെ ആഘോഷം. 2015 ൽ പഞ്ചാബ് അതിർത്തിയിലും 2016 ൽ ഹിമാചലിലെ ചാങ്കോയിലും സൈനികർക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു.














