ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയെ ഭർത്താവ് മൊഴിചൊല്ലി. ഇൻഡോറിലെ എംഐജിയിലാണ് സംഭവം. ഭർത്താവ് ആസ് മുഹമ്മദ് ഖാനെതിരെ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചു.
32 കാരിയായ ട്യൂഷൻ അദ്ധ്യാപികയ്ക്കാണ് ഭർത്താവിൽ നിന്നും ദുരനുഭവം ഉണ്ടായത്. ഭർത്താവിന്റെയും, ഭർതൃവീട്ടുകാരുടെയും നിരന്തര ഉപദ്രവത്തെ തുടർന്ന് മകൾക്കൊപ്പം സ്വന്തം വീട്ടിലാണ് യുവതി വർഷങ്ങളായി താമസം. ഇതിനിടെ യുവതിയെ ഫോണിൽ വിളിച്ച് ഭർത്താവ് മൊഴി ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നു. പെൺകുട്ടിയ്ക്ക് ജന്മം നൽകിയതാണ് വിവാഹ ബന്ധം വേർപെടുത്താൻ കാരണമായതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
2009 ലായിരുന്നു യുവതിയുടെ വിവാഹം. ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഭർത്താവും ഭർതൃവീട്ടുകാരും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ ആരംഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ കൂടി നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. പണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കളെയും മർദ്ദിച്ചിട്ടുണ്ട്.
ഇതിനിടെ 2014 ൽ യുവതി ഗർഭിണിയായി. ഗർഭാവസ്ഥയിലിരിക്കെ ആൺകുഞ്ഞിന് ജന്മം നൽകണമെന്ന് ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറയുന്നു. എന്നാൽ പെൺകുഞ്ഞായിരുന്നു ജനിച്ചത്. ഇതിന് ശേഷം വീട്ടിലെത്തിയ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് അതിക്രൂരമായി മർദ്ദിച്ചു. ഇതോടെ യുവതി ഭർതൃവീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
യുവതിയുടെ പരാതിയിൽ മുഹമ്മദ് ഖാനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294, 323, 34, 488 എ എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Comments