കോട്ടയം : പ്രണയ തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിനിയുടെ വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആക്രമണത്തിന് നേതൃത്വം നൽകിയ തിരുവമ്പാടി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയും, സുഹൃത്തുക്കളായ മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ 55 കാരന് കുത്തേറ്റിരുന്നു.
കുറിച്ചി സ്വദേശികളായ ജിബിൻ രാഹുൽ, സുധീഷ് സുഗതൻ , രാമകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലുള്ള ഒരാൾ സംഭവ ശേഷം ഒളിവിലാണ്. മാമ്മൂട് സ്വദേശി ഷിബിൻ ആണ് ഒളിവിൽ പോയത്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയാകാത്തതിനാൽ പ്ലസ് വൺ വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിലാണ് ഹാജരാക്കുക.
ഞായറാഴ്ച രാത്രിയായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിനി ആൺ സുഹൃത്തുക്കളുമായി എത്തി കൂട്ടുകാരിയായ മാങ്ങാട് സ്വദേശിനിയുടെ വീട് ആക്രമിച്ചത്. പ്രണയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതാണ് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. തർക്കം രൂക്ഷമായതോടെ തിരുവമ്പാടി സ്വദേശിനി ആൺസുഹൃത്തുക്കളുമായി എത്തുകയായിരുന്നു. ഇവർ തമ്മിലുള്ള സംഘർഷം തടയാൻ എത്തിയ അയൽവാസിക്കായിരുന്നു കുത്തേറ്റത്.
Comments