തിരുവന്തപുരം : ഓസ്‌കാർ അവാർഡിനായുള്ള നാമനിർദ്ദേശക പട്ടികയിൽ മലയാളത്തിൽ നിന്നുള്ള ഹ്രസ്വചിത്രവും. ഡെത്ത് ഓഫേഴ്‌സ് ലൈഫ് ആണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.വിശ്വവിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ അവസാന നിമിഷങ്ങളാണ് സിനിമയുടെ പ്രമേയം.
ഇതുവരെ 28 രാജ്യങ്ങളിൽ നിന്നായി നാനൂറ്റിയമ്പതിലധികം അവാർഡുകൾ ഡെത്ത് ഓഫേഴ്‌സ് ലൈഫ് നേടിയിട്ടുണ്ട്. കലാകാരനായി പുനർജന്മം വേണ്ടെന്ന് പറയുന്ന വാൻഗോഗിന്റെ അവസാന നിമിഷങ്ങളിലൂടെയുള്ള സഞ്ചാരം മെഴുകുതിരിവെളിച്ചത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.വാൻഗോഗ് കടന്നുപോയ വിഷാദരോഗാവസ്ഥയെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.
നൃത്ത സംവിധായകനായ സഹീർ അബ്ബാസാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ. എൻഎൻആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഹ്രസ്വചിത്രത്തിന്റെ രചന മധു എൻആർ, ക്യാമറ നൗഷാദ് ഷെരീഫ്, സംഗീതം അരുൺ ഗോപൻ എന്നിവരാണ്.















