തിരുവനന്തപുരം; സംസ്ഥാനത്തെ രാജ്യസഭാ സീറ്റ് ഒഴിവിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി മത്സരിക്കും. ചൊവ്വാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിലായിരുന്നു എൽഡിഎഫ് യോഗം.
ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാൻ യോഗത്തിൽ ആദ്യം തീരുമാനമായി. ഇതിന് പിന്നാലെ പാലായിൽ നടന്ന കേരള കോൺഗ്രസ് എം പാർട്ടി യോഗത്തിലാണ് രാജ്യസഭാ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയെ നിശ്ചയിച്ചത്.
നേരത്തെ ജോസ് കെ. മാണിക്ക് തന്നെയായിരുന്നു രാജ്യസഭാംഗത്വം ലഭിച്ചിരുന്നത്. എന്നാൽ എൽഡിഎഫിലേക്ക് ചേക്കേറിയതിനെ തുടർന്ന് രാജി വെക്കുകയായിരുന്നു. തുടർന്നുള്ള കാലാവധിയിലേക്കാണ് നിലവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 16ന് മുമ്പ് നാമനിർദേശ പത്രിക സമർപ്പിക്കണമെന്നാണ് നിർദേശം.
Comments