തിരുവനന്തപുരം : അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ ഇന്ന് സിഡബ്ല്യുസിയ്‌ക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിയ്‌ക്ക് ഹാജരാകണമെന്ന് അനുപമയ്‌ക്ക് ഡിഡബ്ല്യൂസി നിർദ്ദേശം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സമർപ്പിക്കാനും അനുപമയോട് നിർദ്ദേശിച്ചിട്ടുണ്ട്.
അനുപമയുടെ ഹർജിയിൽ കേസ് എടുത്ത വഞ്ചിയൂർ കുടുംബ കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സംഭവത്തിൽ തുടർ നടപടി സ്വീകരിക്കാനും കോടതി സിഡബ്ലുസിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ശിശുക്ഷേമ സമിതിയ്‌ക്ക് മുൻപിൽ അനുപമയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജു ഖാനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമയുടെ സമരം. ചട്ടങ്ങൾ പാലിക്കാതെയാണ് ഇരുവരും ചേർന്ന് കുട്ടിയെ ദത്തു നൽകിയതെന്നാണ് അനുപമയുടെ ആരോപണം. അതിനാൽ ഇരുവരെയും മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്നാണ് അനുപമയുടെ ആവശ്യം.
ഈ ആവശ്യം ആരോഗ്യമന്ത്രി വീണാ ജോർജിന് മുൻപിലും അനുപമ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് സമരം ആരംഭിച്ചത്.
Comments