ദുബായ്: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു ലോകകിരീടം നേടിയ ഓസ്‌ട്രേലിയക്ക് തങ്ങളുടെ തുറുപ്പുചീട്ട് ആരെന്നതിൽ ഒരു സംശയവുമില്ല. എന്നും ടീമിന്റെ പ്രേരണയും കരുത്തും ഡേവിഡ് വാർണർ തന്നെയെന്ന് ഉറപ്പിച്ചു പറയുകയാണ് ഓസീസ് താരങ്ങൾ. ലോക ടി20യിൽ സെമിഫൈനലിൽ പാകിസ്താനേയും ഫൈനലിൽ ന്യൂസിലന്റിനേയും തകർത്തതിൽ വാർണർ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് നായകൻ ആരോൺ ഫിഞ്ച് ഓസീസ് ഓപ്പണറുടെ കരുത്ത് ചൂണ്ടിക്കാട്ടിയത്.
‘നിങ്ങൾക്ക് ഒരിക്കലും ഒരു കരടിയെ നിസ്സാരക്കാരനായി എഴുതി തള്ളാനാകില്ല. പിന്നെന്തുകൊണ്ടാണ് എല്ലാവരും വാർണറെ ശ്രദ്ധിക്കാത്തതെന്ന് മനസ്സിലാ കുന്നില്ല.’ ആരോൺ ഫിഞ്ച് ചോദ്യങ്ങളെറിഞ്ഞത് ഐ.പി.എല്ലിന്റെ സംഘാടകർക്കു നേരെകൂടിയായിരുന്നു. ഹൈദരാബാദ് തങ്ങളുടെ നായക സ്ഥാനത്തു നിന്നും പിന്നീട് കളിക്കളത്തിലിറക്കാതേയും മാറ്റി നിർത്തിയ താരമാണ് വാർണർ. ഓസീസിന്റെ സൗമ്യനായ അപകടകാരിയെ പക്ഷെ ദേശീയ ടീം കൈവിട്ടില്ല.
പാകിസ്താനെതിരെ സെമിയിൽ തുടർച്ചയായി പരാജയപ്പെടുന്ന നായകൻ ഫിഞ്ചിന്റെ പെട്ടന്നുള്ള പുറത്താകലിന് പുറകേ വാർണർ 30 പന്തിൽ നേടിയ 49 റൺസ് തുടക്കത്തിലെ തകർച്ച ഒഴിവാക്കി. പിന്നീട് രണ്ടാം വിക്കറ്റിൽ മിച്ചൽ മാർഷിനൊപ്പം നേടിയ 51 റൺസ് നിർണ്ണായകമായി. അതേ വാർണർ ഫൈനലിൽ നേടിയ 38 പന്തിലെ 53 റൺസാണ് കങ്കാരുക്കളുടെ കുതിപ്പിന് കരുത്തായത്.















