ജയ്പൂർ: ചമ്പൽ വന മേഖലയിലെ കുപ്രസിദ്ധ കൊള്ളസംഘത്തിന്റെ തലവൻ ജഗൻ ഗുർജാറിനെ (50) ജയിലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് സംഭവം. സഹതടവുകാരനുമായുണ്ടായ തർക്കത്തിനൊടുവിൽ തൂവാല ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഫോറൻസിക് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിലാണ് സംഭവം നടന്നത്. ജഗനോടൊപ്പം ഒരേ സെല്ലിലുണ്ടായിരുന്ന വിഷ്ണു എന്ന തടവുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. കൊലയ്‌ക്ക് ഉപയോഗിച്ചതായി കരുതുന്ന തൂവാലയും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ഗുണ്ടാപ്പിരിവ് ഉൾപ്പെടെ നൂറിലധികം കേസുകളിൽ പ്രതിയായിരുന്നു ജഗൻ ഗുർജാർ. ചമ്പൽ താഴ്വരയിലെ ഏറ്റവും ഭീകരരായ ദസ്യുക്കളിൽ ഒരാളായ ഇയാളെ 2019-ൽ വൻ പൊലീസ് ഓപ്പറേഷനൊടുവിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് അജ്മീറിലെ അതിസുരക്ഷാ ജയിലിലേക്കു മാറ്റുകയായിരുന്നു. സെല്ലിനുള്ളിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുകയാണ്.















