വാരാണസി : ഒരു നൂറ്റാണ്ടിന് ശേഷം മാതാ അന്നപൂർണ്ണ ദേവീ വിഗ്രഹം കാശി വിശ്വനാഥന്റെ മണ്ണിൽ എത്തി. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയിൽ ദേവിയുടെ വിഗ്രഹം സ്ഥാപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ പുനപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. അന്നപൂർണ്ണാ ദേവിയുടെ വിഗ്രഹം തിരിച്ച് ഭാരത മണ്ണിലെത്താൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
18-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന വിഗ്രഹം 100 ൽ ഏറെ വർഷങ്ങൾക്ക് മുൻപാണ് കാശിയിൽ നിന്നും കാനഡയിലേക്ക് കടത്തിക്കൊണ്ട് പോയത്. തുടർന്ന് മോദി സർക്കാരിന്റെ ഇടപെടൽ മൂലം വിഗ്രഹം തിരികെ എത്തിക്കുകയായിരുന്നു. അന്നപൂർണ്ണ ദേവിയുടെ വിഗ്രഹം കാശിയിലെത്തിച്ചതിന്റെ മുഴുവൻ അംഗീകാരവും നരേന്ദ്ര മോദിക്കാണെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. വിശ്വാസത്തെ തിരികെ എത്തിച്ച പ്രധാനമന്ത്രിക്ക് കാശിയിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ പേരിൽ നന്ദിയറിയിക്കുന്നതായും യോഗി ആദിത്യനാഥ് പറഞ്ഞു.
17 സെന്റിമീറ്റർ ഉയരവും 9 സെന്റിമീറ്റർ വീതിയും 4 സെന്റിമീറ്റർ വണ്ണവുമാണ് അന്നപൂർണ്ണ ദേവിയുടെ വിഗ്രഹത്തിനുള്ളത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം ഇത്തരത്തിൽ രാജ്യത്ത് നിന്ന് കടത്തിയ നിരവധി വസ്തുക്കൾ തിരികെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. 2014ന് ശേഷം 42 അപൂർവ്വ പുരാതന വസ്തുക്കളാണ് തിരികെ ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്. അതേസമയം 1976നും 2013നും ഇടയിൽ വെറും 13 അമൂല്യ വസ്തുക്കൾ മാത്രമാണ് തിരികെ ഇന്ത്യയിൽ കൊണ്ടുവരാനായിട്ടുള്ളത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇനിയും 157ഓളം അമൂല്യ വസ്തുക്കളും ചിത്രങ്ങളും തിരികെ ഇന്ത്യയിൽ എത്തിക്കാനുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
















