കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ തുടിയലൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തെരുവുനായ്‌ക്കള്‍ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഗണേഷ് നഗര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടിയലൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു സംഭവം. റോഡരികില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ അര്‍ധരാത്രിയില്‍ പ്രതി സമീപിക്കുകയായിരുന്നു. സ്ത്രീയ്‌ക്കൊപ്പം സ്ഥിരമായി രണ്ട് തെരുവുനായ്‌ക്കള്‍ ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ആദ്യം പ്രതി നായ്‌ക്കളെ അകറ്റാന്‍ ശ്രമിച്ചു. കല്ലെറിഞ്ഞ് നായ്‌ക്കളെ കുറച്ചുദൂരം മാറ്റിയെങ്കിലും അവ പ്രതിയെ നിരീക്ഷിച്ച് കുരച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പ്രതി സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ സഹായത്തിനായി നിലവിളിച്ചു. സമീപത്ത് ആളുകളില്ലാതിരുന്ന സാഹചര്യത്തിലാണ് നായ്‌ക്കളിലൊന്ന് പ്രതിക്കുനേരെ കുതിച്ചെത്തിയത്. നായയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു നായ പ്രതിയെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
கோவை துடியலூர் அருகே நள்ளிரவில் மனநலம் பாதிக்கப்பட்ட பெண்ணை பாலியல் துன்புறுத்தல் செய் முயன்ற இளைஞரை
கடித்து விரட்டி விட்ட நாய்கள்.#kovai #tnpolice #womensafety #ChanakyaaStay informed with the latest news through Chanakyaa via https://t.co/fKuhMnLnfy pic.twitter.com/RUPEDRI7Ty
— சாணக்யா (@ChanakyaaTv) September 4, 2026
മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനിടെയാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിയുന്നത്. പ്രദേശത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.















