ശ്രീനഗർ: ദക്ഷിണ കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ റെസിസ്റ്റൻസ് ഫ്രണ്ട് കമ്മാൻഡർ അഫാഖ് സെയ്ദും കൊല്ലപ്പെട്ടതായി പോലീസ്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്. കുൽഗാമിലെ പോംബായ്, ഗോപാൽപോറ എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. വധിക്കപ്പെട്ട മറ്റ് ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മീർ സോണൽ പോലീസ് ട്വിറ്ററിൽ അറിയിച്ചു.
ഗോപാൽപോറയിൽ പോലീസും സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ നേരിട്ടത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പ്രദേശത്ത് സൈന്യം പരിശോധനയ്ക്കെത്തിയത്. മറഞ്ഞിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സമാനമായ സാഹചര്യത്തിലാണ് പോംബായ് മേഖലയിലും ഏറ്റുമുട്ടലുണ്ടായതെന്നും പോലീസ് അറിയിച്ചു.
Comments