ആലപ്പുഴ: രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് പരാതി. സാമൂഹിക പ്രവർത്തകൻ രാധാകൃഷ്ണൻ വരേണിക്കലാണ് പരാതി നൽകിയത്. പരാതി പരിശോധനയ്‌ക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി.
കാർട്ടൂൺ ഭാരതത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നൽകിയത്. ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ച് രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകിയ നടപടി കടുത്ത മനോവിഷമം ഉളവാക്കുന്നുണ്ടെന്ന് പരാതി നൽകിയ ശേഷം അദ്ദേഹം ജനംടിവിയോട് പ്രതികരിച്ചു. ലളിതകലാ അക്കാദമിയുടെ പ്രവൃത്തി നീചമാണ്. ഭാരതത്തിന്റെ യശസ്സ് കളങ്കപ്പെടുത്തുക എന്ന രാഷ്‌ട്രീയ ലാഭത്തിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാർട്ടൂൺ വരച്ചത്. ഈ കാർട്ടൂണിന് പുരസ്‌കാരം നൽകാനുണ്ടായ ചേതോവികാരവും ഇതാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിൽ ഇത്തരമൊരു പരാതി നൽകിയാൽ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കും. ഇക്കാര്യത്തിൽ ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയ്‌ക്ക് തന്നെ കത്ത് നൽകിയത്. ഇതിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രാധാകൃഷ്ണൻ വരേണിക്കൽ വ്യക്തമാക്കി.
കൊറോണ ആഗോള മെഡിക്കൽ ഉച്ചകോടിയിൽ ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പശുവിനെ ചിത്രീകരിക്കുന്ന കാർട്ടൂണിനാണ് ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയത്. സംഭവത്തിൽ കാർട്ടൂൺവരച്ച അനിൽ രാധാകൃഷ്ണനെതിരെയും, പുരസ്‌കാരം നൽകിയ അക്കാദമിയ്‌ക്കെതിരെയും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
Comments