മുംബൈ: 19ാമത് പൂനെ അന്താരാഷ്‌ട്ര ചലിച്ചിത്രോത്സവത്തിന് ഡിസംബർ രണ്ടിന് തിരിതെളിയും. ഡിസംബർ 9 വരെയാണ് ചലച്ചിത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ പൂനെ അന്തരാഷ്‌ട്ര ചലച്ചിത്രോത്സത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 600 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.
മാർച്ച് 2021ൽ നടത്താൻ നിശ്ചയിച്ചിരുന്ന ചലച്ചിത്രോത്സവം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്‌ക്കുകയായിരുന്നു. നിലവിൽ രോഗ വ്യാപനം കുറഞ്ഞതോടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പരിപാടികൾ സംഘടിപ്പിക്കുകയാണ് സംഘാടകർ.
150 ഓളം ദേശീയ-അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. കൊറോണ വ്യാപനസാധ്യത കണക്കിലെടുത്ത് പരിമിതമായ ആളുകളെ ഉൾക്കൊള്ളിച്ചാണ് പ്രദർശനം നടത്തുക എന്ന് അധികൃതർ അറിയിച്ചു.
മൂന്ന് വേദികളിലായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. സേനാപതി ബാപ്പട്ട് റോഡിലെ പവലിയൻ മാളിലെ പിവിആർ ഐക്കൺ, ക്യാമ്പിലെ ഐനോക്‌സ്, ലോ കോളേജ് റോഡിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്എഐ)ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ചലച്ചിത്ര പ്രദർശനം നടക്കുക.















