കൊല്ലം: ഒടുവിൽ സിപിഎം പാർട്ടി ഓഫിസിൽ വിദ്യാരംഭച്ചടങ്ങും. കൊല്ലം കുണ്ടറ ഏരിയാക്കമ്മിറ്റി ഓഫിസിന് മുന്നിലാണ് വിദ്യാരംഭച്ചടങ്ങ് നടത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് എൽ സജികുമാറാണ് കുരുന്നിലെ എഴുത്തിനിരുത്തിയത്. പാർട്ടി സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം എന്നിവ പരാജയപ്പെട്ട പശ്ചാതലത്തിലാണ് വിശ്വാസി സമൂഹത്തെ കുടെ നിർത്താൻ പുതിയ അടവുമായി സിപിഎം രംഗത്ത് വരുന്നത്.
വിജയദശമി ദിനത്തിൽ പാർട്ടി ഓഫീസിന് മുന്നിൽ വിദ്യാരംഭച്ചടങ്ങ് സംഘടിപ്പിച്ചത് രാഷ്‌ട്രീയ ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
നേരത്തേ സിപിഎം നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം തുടങ്ങിയ പരിപാടികൾക്കു പിന്നാലെയാണ് പാർട്ടി ഓഫീസിന് മുന്നിൽ വിദ്യാരംഭച്ചടങ്ങും സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസികളിൽനിന്ന് പാർട്ടിക്ക് അകൽച്ചയുണ്ടാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു.
വിശ്വാസി സമൂഹത്തെ പാർട്ടിയോട് ചേർത്തുനിർത്താനുള്ള നീക്കമായാണ് പുതിയ പരിപാടിയെയും വിമർശകർ വിലയിരുത്തുന്നത്. മതവിശ്വാസങ്ങളോടുള്ള പരമ്പരാഗത ഇടതുപക്ഷ നിലപാടുകളിൽനിന്ന് മാറിനിന്ന് വിശ്വാസികൾക്കൊപ്പം നിൽക്കുന്നുവെന്ന സന്ദേശം നൽകാനാണ് സിപിഎം ശ്രമിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.















