പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ജനപ്രിയ ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം. പോസ്റ്റുകൾക്കൊപ്പം പാട്ടുകൾ കൂടി ചേർക്കാമെന്നതാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ. ഇന്ത്യ, തുർക്കി, ബ്രസീൽ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാകുന്നത്. ഇതൊരു പരീക്ഷണമെന്ന രീതിയിലാണ് മൂന്ന് രാജ്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നതെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു.
ഇൻസ്റ്റഗ്രാം സ്റ്റോറികളിലും റീലുകളിലും ഇഷ്ടപ്പെട്ട പാട്ടുകൾ ചേർക്കുന്നത് പോലെ തന്നെയാണ് പോസ്റ്റുകളിലും പാട്ടുകൾ ഉപയോഗിക്കുന്ന സംവിധാനം. ഇതോടെ പോസ്റ്റുകൾക്ക് മുകളിലായി പാട്ടിന്റെ പേരും എടുത്തുകാണിക്കും. റീലുകളിൽ പാട്ടുപയോഗിക്കാമെങ്കിലും പരമാവധി 60 സെക്കൻഡ് മാത്രമാണ് സാധിക്കുക. ഇൻസ്റ്റഗ്രാം സ്റ്റോറികളുടെ കാര്യമെടുത്താൽ 24 മണിക്കൂർ കഴിഞ്ഞാൽ അവയുടെ കാലാവധിയും തീരും. എന്നാൽ പോസ്റ്റുകൾക്ക് പാട്ടുകൾ ചേർക്കാമെന്ന സംവിധാനം വന്നതോടെ ഇനിമുതൽ ദൈർഘ്യം ഒരു പ്രശ്നമല്ലാതാകുകയാണ്.
ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെയാണ് പുതിയ ഫീച്ചറുകൾ പരീക്ഷണവിധേയമായി അവതരിപ്പിക്കാൻ ഇന്ത്യയെ ഇൻസ്റ്റഗ്രാം തെരഞ്ഞെടുക്കുന്നതും.
Comments