ബാലി: ഇന്തോനേഷ്യൻ മാസ്റ്റേഴ്സിൽ ഒളിമ്പ്യൻ പി.വി.സിന്ധുവിന് തോൽവി. ജപ്പാന്റെ അക്കാനേ യാമാഗൂച്ചിയാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. കബാഡ്മിന്റണിലെ സൂപ്പർ 750 സീരിസിലെ മത്സരത്തിലാണ് സിന്ധുവിന് കാലിടറിയത്.
അനായാസ ജയമാണ് അക്കാനേ നേടിയത്. ആദ്യ സെറ്റ് 21-13നും രണ്ടാമത്തേത് 21-9നുമാണ് അക്കാനേ സ്വന്തമാക്കിയത്. ആകെ 32 മിനിറ്റിനുള്ളിൽ മത്സരം അവസാനിക്കുകയും ചെയ്തു.
സിന്ധുവിനെതിരെ അതിവേഗ ഷോട്ടുകളുതിർത്താണ് അക്കാനേ കളംനിറഞ്ഞത്. ലോകറാങ്കിംഗിൽ സിന്ധു ഏഴാമതും അക്കാനേ 3-ാമതുമാണ്. ഒളിമ്പിക്സിൽ ക്വാർട്ടറിൽ സിന്ധുവിനോട് ഏറ്റ പരാജയത്തിനാണ് അക്കാനേ കണക്കുതീർത്തത്.
തുർക്കിയുടെ നെസ്ലിഹാൻ യിഗിറ്റിനെ 21-13,21-10 എന്ന നിലയിൽ തകർത്താണ് സിന്ധു സെമിയിൽ കടന്നത്. ഡെൻമാർക്ക് ഓപ്പണിൽ കഴിഞ്ഞമാസവും സിന്ധു യിഗിറ്റിനെ തോൽപ്പിച്ചിരുന്നു. കരിയറിൽ 505-ാം മത്സരം കളിച്ച സിന്ധുവിന്റെ 151-ാം തോൽവിയാണിത്. 354 മത്സരങ്ങളാണ് സിന്ധു കരിയറിൽ ജയിച്ചിട്ടുള്ളത്. ഈവർഷം കളിച്ചതിൽ 23ൽ 9 എണ്ണത്തിലാണ് തോൽവി വഴങ്ങിയത്. ഒളിമ്പിക്സിൽ തുടർച്ചയായി രണ്ടാം തവണയും മെഡൽ നേടിയ ഇന്ത്യൻ താരം ടോക്കിയോവിൽ വെങ്കലവുമായിട്ടാണ് മടങ്ങിയത്.
Comments