കോഴിക്കോട് : മതപ്രഭാഷണത്തിനിടെ കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി ഇസ്ലാമിക പണ്ഡിതൻ സിറാജുൾ ഇസ്ലാം ബാലുശ്ശേരി. ഭംഗിയായി ഒരുങ്ങി നടക്കുന്ന സ്ത്രീകൾ വ്യഭിചാരിണിയാണെന്നതുൾപ്പെടെയുള്ള പരാമർശങ്ങളാണ് പണ്ഡിതൻ പ്രസംഗത്തിനിടെ ഉന്നയിച്ചത്. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പ്രഭാഷണ വീഡിയോയിലാണ് കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉള്ളത്.
ആഗസ്റ്റ് രണ്ടിന് പങ്കുവെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വ്യഭിചാരിണിയുടെ മനസ്സുള്ള പെണ്ണ് എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സുഗന്ധമോ, അത്തറോ പൂശി സമൂഹത്തിൽ ഇടപഴകുന്ന പെണ്ണുങ്ങൾ വ്യഭിചാരിണികളാണെന്ന് സിറാജുൾ ഇസ്ലാം ബാലുശ്ശേരി പറയുന്നു. ഇത്തരം സ്ത്രീകളുടെ ചിന്തകൾ വ്യഭിചാരിണിയായ സ്ത്രീയുടെ മനസ്സിനോട് യോജിച്ചിരിക്കുന്നു. ഏതു പുരുഷനും തന്നെ ശ്രദ്ധിക്കട്ടേയെന്ന ചിന്തയാണ് ഇവർക്കുണ്ടായിരിക്കുകയെന്നും പണ്ഡിതൻ വ്യക്തമാക്കുന്നു.
സുഗന്ധം പൂശാത്ത സ്ത്രീകൾ തന്റെ ഭർത്താവ് മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന മനോഭാവം ഉള്ളവരാണ്. തന്റെ പുരുഷനല്ലാതെ മറ്റാരും തന്നെ സ്പർശിക്കരുത്, ശ്രദ്ധിക്കരുത് എന്നതെല്ലാമാണ് അള്ളാഹുവിനെ ഭയപ്പെടുന്ന ഒരു സ്ത്രീ ചിന്തിക്കുക. ഭർത്താവും അല്ലാത്തവരും തന്റെ സൗന്ദര്യം ആസ്വദിക്കട്ടെ എന്ന് ചിന്തിക്കുന്ന മാനസികാവസ്ഥ വ്യഭിചാരിണിയുടേതാണെന്നും വീഡിയോയിൽ പറയുന്നു.
Comments