ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്. കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം ഒമിക്രോൺ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതിപാദിച്ചേക്കും. രാജ്യം ജാഗ്രത കൈവിടാതിരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി സംസാരിച്ചേക്കും.
ഒമിക്രോൺ ഭീഷണി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ശനിയാഴ്ച അടിയന്തിര യോഗം വിളിച്ചിരുന്നു. യൂറോപ്പിൽ ഉൾപ്പെടെ ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യ ജാഗ്രത കടുപ്പിക്കണമെന്ന് യോഗത്തിൽ മോദി ആവശ്യപ്പെട്ടു. രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. നിലവിൽ വികസിപ്പിച്ചിട്ടുള്ള വാക്സിനുകൾക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണെന്ന ഭയവും ആരോഗ്യ വിദഗ്ധരിൽ നിലനിൽക്കുകയാണ്.
Comments