ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിന് മോദിസർക്കാർ എതിരല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വി. മുരളീധരൻ. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് നന്നാക്കുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് അല്ലാതെ ജനങ്ങൾക്ക് താൽപര്യമില്ലാത്ത കെ റെയിൽ നടപ്പിലാക്കാനല്ല ശ്രമിക്കേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.
കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിൽ ഉയർന്നുവരുന്നത് വളരെ വലിയ ജനകീയ പ്രതിഷേധമാണ്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം വികസനത്തിന് അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചത്. ദീർഘവീക്ഷണത്തോടെ നല്ല റോഡുകൾ ഉണ്ടാക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നാണ് ഹൈക്കോടതി പറഞ്ഞത്. ക്യാമറയുമായി മിന്നൽ പരിശോധന നടത്തിയിട്ട് കാര്യമില്ല, നാട്ടിലെ റോഡ് ഒക്കെ നന്നാക്കി ഇടാനാണ് വീട്ടിൽ തന്നെ താമസിക്കുന്ന പൊതുമരാമത്ത് മന്ത്രിയോട് മുഖ്യമന്ത്രി ഉപദേശിക്കണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ചുളളതല്ല കെ റെയിൽ പദ്ധതി. കേരളത്തിന്റെ വികസനത്തിന് അനുകൂലമായ നിലപാട് മാത്രമേ കേന്ദ്രസർക്കാർ എന്നും എടുത്തിട്ടുളളൂ. അതിന് വിരുദ്ധമായി മോദി സർക്കാരിൽ നിന്ന് ഒരു തീരുമാനവും ഉണ്ടാകില്ല. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് തുരങ്കം വെച്ചത് ആരാണെന്ന് വി മുരളീധരൻ ചോദിച്ചു. സർക്കാരും സിപിഎമ്മും ആശ്രിത പാർട്ടികളുമാണ്. എംപിമാർക്ക് ഡൽഹിയിൽ എത്തുമ്പോൾ പരിസ്ഥിതി സ്നേഹവും കേരളത്തിൽ വരുമ്പോൾ മണ്ണിട്ട് മൂടലിന് അനുകൂലവുമാണ്. അതുകൊണ്ടാണ് കെ റെയിലിനെയൊക്കെ പിന്തുണയ്ക്കാൻ കഴിയുന്നതെന്നും വി. മുരളീധരൻ പരിഹസിച്ചു.
നിലവിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ തീവണ്ടി ഓടിക്കാനുളള സാങ്കേതികവിദ്യ ഇവിടെ ഉണ്ട്. അത് 250 കിലോമീറ്റർ വരെ വർദ്ധിപ്പിക്കാൻ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പ്രവർത്തിക്കുന്നത്. അങ്ങനെ വന്നാൽ കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് മൂന്ന് മണിക്കൂർ കൊണ്ട് എത്താൻ കഴിയും. നിലവിലെ പാതകളിൽ തന്നെ അപ്ഡേഷൻ സാദ്ധ്യമാക്കി ഇത് നടത്താമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഈ സാഹചര്യത്തിൽ ഇത്രയും ആളുകളെ കുടിയൊഴിപ്പിച്ച് ഇത്തരമൊരു പദ്ധതി ആവശ്യമില്ലെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ നിലവിലുളള റെയിൽവേ ലൈൻ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുകയും നാല് വിമാനത്താവളങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments