കോഴിക്കോട് ; പോലീസ് യൂണിഫോമിലുള്ള എസ്ഐയുടെ ഫോട്ടോ ഷൂട്ട് വിവാദമാകുന്നു. കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ആണ് ഔദ്യോഗിക യൂണിഫോമിൽ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഫോട്ടോകൾ പുറത്തുവന്നത്.
വിവാഹത്തിന് തൊട്ടു മുമ്പായി എടുത്ത ഫോട്ടോകൾ പോലീസ് സേനയ്ക്ക് ആകെ നാണക്കേടായിരിക്കുകയാണ്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ സേവ് ദി ഡേറ്റ് നടത്തിയത്. ഇതിനെതിരെ പോലീസുകാർക്കിടയിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമാണ്.
2015, ഡിസംബർ 31 ന് ടിപി സെൻകുമാർ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ സമൂഹമാദ്ധ്യമങ്ങളിൽ പോലീസുകാർ വ്യക്തിപരമായ ഇടപെടുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. പോലീസുകാർ അവരുടെ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.
സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിപരമായ അക്കൗണ്ടിൽ ഔദ്യോഗിക മേൽവിലാസം, വേഷം തുടങ്ങിയ ഉപയോഗിച്ച് ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തികൾക്ക് ഔദ്യോഗിക പരിരക്ഷ ഉണ്ടായിരിക്കില്ലെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. അതിനാൽ ഈ ഫോട്ടോഷൂട്ട് ഗുരുതര അച്ചടക്കലംഘനമായാണ് പോലീസ് സേന കണക്കാക്കുന്നത്.
Comments