മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സ്റ്റാൻഡ് അപ് കൊമേഡിയൻ രമേഷ് പിഷാരടി വീണ്ടും സംവിധായകനാകുന്നു. തന്റെ മൂന്നാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന് പിഷാരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഇന്നൊരു പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. പുതിയ സിനിമയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. മോഹൻലാൽ, ഈശോ സിനിമകളുടെ തിരക്കഥാകൃത്തായ സുനീഷാണ് പുതിയ ചിത്രത്തിനായി എഴുതുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ എൻഎം ബാദുഷയാണെന്നും രമേഷ് പിഷാരടി അറിയിച്ചു.
മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവനാണ് ഒടുവിൽ പിഷാരടി സംവിധാനം ചെയ്ത ചിത്രം. പഞ്ചവർണതത്തയായിരുന്നു ആദ്യ സിനിമ. കൊമേഡിയനായും നടനായും സിനിമ മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രമേഷ് പിഷാരടി സംവിധായകനായെത്തിയതും പ്രേഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിനിടെ സിബിഐ ചിത്രങ്ങളുടെ അഞ്ചാമത്തെ പതിപ്പായ പുതിയ സിനമിയിൽ പിഷാരടി വേഷമിടുന്നതായി നേരത്തെ അറിയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനായാണ് താരമെത്തുന്നത്.















