ന്യൂഡൽഹി: സൂര്യപ്രകാശം ഇഷ്ടം പോലെ കിട്ടുന്ന ഒരിടമാണ് ഇന്ത്യ. സൂര്യതാപമേറ്റ് എത്രയോ പേർക്ക് പരിക്ക് പോലും പറ്റിയിരിക്കുന്നു. എന്നിരുന്നാലും രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് വിറ്റമിൻ ഡി ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിറ്റമിൻ ഡി കുറവുള്ളവരുടെ നിരക്ക് വർഷം തോറും വർദ്ധിച്ച് വരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2020ൽ 18നും 30നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരിൽ നടത്തിയ പഠനമനുസരിച്ച് 76 ശതമാനം ജനങ്ങളിലും വിറ്റമിൻ ഡിയുടെ അപര്യാപ്തത ഉണ്ടെന്നാണ് കണ്ടെത്തൽ. രാജ്യത്തെ 81 നഗരങ്ങളിലായി 229 കേന്ദ്രങ്ങളിൽ നിന്നും പഠനത്തിനായി സാമ്പിളുകൾ ശേഖരിച്ചിരുന്നു. കണ്ടെത്തലനുസരിച്ച് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളിലും വിറ്റമിൻ ഡിയുടെ കുറവുണ്ട്.
എന്തായിരിക്കാം ഇതിന്റെ കാരണങ്ങൾ.. ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒരു കാരണമായിരിക്കാം. കൂടുതൽ സമയം വീട്ടകകളിൽ ഇരിക്കുന്നതും അന്തരീക്ഷ മലിനീകരണവും വിറ്റമിൻ ഡി ലഭിക്കാതിരിക്കാനുള്ള കാരണങ്ങളാണെന്ന് ആരോഗ്യവിദഗ്ധരും ഗവേഷകരും പറയുന്നു.
വിറ്റാമിൻ ഡി എന്നാൽ എന്താണ്? സൂര്യപ്രകാശ വിറ്റമിൻ അഥവാ സൺഷൈൻ വിറ്റാമിൻ എന്ന് വിളിക്കപ്പെടുന്ന പോഷകമാണ് വിറ്റമിൻ ഡി. ശരീരത്തിന്റെ വളർച്ച, വികാസം, മെറ്റബോളിക് പ്രവർത്തനങ്ങൾ, രോഗപ്രതിരോധ ശേഷി, എല്ലുകളുടെ ആരോഗ്യം, മാനസികാരോഗ്യം തുടങ്ങിയവയ്‌ക്ക് നിർണായക പങ്ക് വഹിക്കുന്ന വിറ്റമിൻ കൂടിയാണിത്. വിഷാദം, മാനസിക പിരിമുറുക്കങ്ങൾ, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ പരിഹരിക്കപ്പെടാൻ ഒരുപരിധി വരെ വിറ്റാമിൻ ഡിക്ക് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ വിറ്റമിൻ ഡിയുടെ അളവ് കുറയുമ്പോൾ ആളുകളിൽ വിഷാദരോഗം വരുന്നതിനുള്ള സാധ്യത കൂടുതലാണ്. മാനസിക പരിമുറുക്കങ്ങൾ, ഉറക്കമില്ലായ്മ ഇതിനെല്ലാം വിറ്റമിൻ ഡിയുടെ അപര്യാപ്തത കാരണമായേക്കാം.
കേക്കുകൾ, പേസ്ട്രികൾ, ചില ശീതളപാനീയങ്ങൾ, ബർഗർ, ഹോട്ട്‌ഡോഗ്, സോസേജ് തുടങ്ങിയ അൾട്രാ പ്രൊസസ്ഡ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ അമിത ഉപയോഗവും വിറ്റമിൻ ഡിയുടെ അപര്യാപ്തതയ്‌ക്ക് കാരണമാണ്. ഇരുണ്ട ചർമ നിറമുള്ളവർക്കും വിറ്റമിൻ ഡിയുടെ അളവിൽ കുറവ് സംഭവിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു. ദൈനംദിന ജീവിത രീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുക മാത്രമാണ് ഇതിന് പോംവഴി. ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും പുറത്തിറങ്ങുന്നതിലും ശ്രദ്ധപാലിച്ചാൽ ഒരു പരിധി വരെ വിറ്റമിൻ ഡിയുടെ അളവ് നിയന്ത്രിക്കാം.
Comments