ന്യൂഡൽഹി: ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡറിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിറകണ്ണുകളോടെയല്ല, മറിച്ച് കരളുറപ്പോടെയാണ് 17കാരിയായ മകൾ ആഷ്‌ന ലിഡ്ഡർ നിന്നത്. അച്ഛന്റെ വേർപാടിൽ നെഞ്ച് തകരുന്ന വേദനയിലും അവൾ പറഞ്ഞു, ”അച്ഛനാണ് എൻെ ഹീറോ. അദ്ദേഹമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം.’ ആ വാക്കുകൾ ഇടറിയില്ല, കാരണം അവൾ ലിഡ്ഡറിന്റെ മകളാണ്. അവളിൽ ധീരസൈനികന്റെ രക്തമാണ്.
ഡിസംബർ എട്ടിന് ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു ഹെലികോപ്റ്റർ അപകടമായിരുന്നു ഊട്ടിക്കടുത്ത് കുനൂരിൽ നടന്നത്. രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയും പത്‌നിയും ഉൾപ്പെടെ 13 പേർ മരിച്ചു. അതിൽ ഒരാളായിരുന്നു ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡറും. വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞ മൃതദേഹങ്ങളിൽ ഒന്ന് ലിഡ്ഡറിന്റേത് കൂടിയായിരുന്നു.
അപകടം നടന്നയുടൻ ലിഡ്ഡർ ലോകത്തോട് വിടപറഞ്ഞു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ ജീവന്റെ തുടിപ്പ് ആ സൈനികനിൽ ഉണ്ടായിരുന്നില്ല. അത്യധികം ദാരുണമായ അന്ത്യം. ഭാര്യ ഗീതികയ്‌ക്കും 17കാരിയായ മകൾ ആഷ്‌നയ്‌ക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ആഷ്‌ന ഇങ്ങനെ പ്രതികരിച്ചു.
‘ എനിക്ക് 17 വയസാകുന്നു. കഴിഞ്ഞ 17 വർഷകാലത്തോളം എന്നോടപ്പമുണ്ടായിരുന്നു അച്ഛൻ. സന്തോഷം പങ്കിട്ട ഒരുപാട് ഓർമ്മകൾ ഞങ്ങൾക്കിടയിലുണ്ട്.. എന്റെ അച്ഛൻ ഒരു ഹീറോ ആയിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. എനിക്ക് ഏറ്റവും വലിയ പ്രചോദനമായിരുന്നു. ഇപ്പോൾ സംഭവിച്ചത് വിധിയായിരിക്കും. നല്ല കാര്യങ്ങൾ വന്നുചേരും. ഈ വേർപാട് ഞങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെ കൂടി നഷ്ടമാണ്.” ആഷ്‌ന ലിഡ്ഡർ പറഞ്ഞു. ആ പക്വതയുള്ള വാക്കുകളിൽ ആശ്ചര്യപ്പെടാനില്ല. കാരണം അവൾ രാജ്യം കണ്ട മികച്ച സൈനികരിൽ ഒരാളുടെ മകളാണ്.
ആഷ്‌നയുടെ വാക്കുകൾക്ക് പിന്നിൽ ലിഡ്ഡർ മാത്രമല്ല ശക്തയായ ഒരമ്മയുടെ ചെറുത്തുനിൽപ്പുണ്ട്. താനൊരു സൈനികന്റെ ഭാര്യയാണെന്നും അദ്ദേഹത്തിന് വിടപറയുമ്പോൾ ഒരിക്കലും കരഞ്ഞുകൊണ്ടാകരുതെന്നും ലിഡ്ഡറിന്റെ ഭാര്യ ഗീതിക പറയുന്നു. ലിഡ്ഡറിന് അവസാനമായി നൽകാൻ കഴിയുന്നത് ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പാണ്. അദ്ദേഹം അതാണർഹിക്കുന്നതെന്നും ആഗ്രഹിക്കുന്നതെന്നും ഉള്ളുലയാതെ ഗീതിക പറഞ്ഞു. ‘ഇത് വലിയൊരു നഷ്ടമാണ്. ഞങ്ങളുടെ മകൾ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യും’ ദേശീയ പതാക പുതപ്പിച്ച പേടകത്തിൽ നിറകണ്ണുകളോടെ ചുംബിച്ച് ഗീതിക പറഞ്ഞു.
സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഡിഫൻസ് അസിസ്റ്റൻഡ് ആയിരുന്നു ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ. ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡറായിരുന്നു അദ്ദേഹം. അടുത്തിടെ മേജർ ജനറലായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഈ പദവി ഏറ്റെടുക്കുന്നതിന് മുൻപാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എല്ലാവിധ സൈനിക ബഹുമതികളോടെയും ബ്രാർ സ്‌ക്വയറിലാണ് രാജ്യം ലിഡ്ഡറിന് അന്തിമോപചാരമർപ്പിച്ചത്.















