ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ചിതാഭസ്മ നിമഞ്ജനം ഇന്ന് ഉച്ചയോടെ നടക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ചിതാഭസ്മ നിമഞ്ജനം നടക്കുക. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകിട്ട് ബ്രാർ സ്‌ക്വയറിലായിരുന്നു സൈനിക മേധാവിയുടെയും പത്നിയുടെയും സംസ്‌കാര ചടങ്ങുകൾ നടന്നത്. ബിപിൻ റാവത്തിന്റെയും പത്നിയുടെയും ഭൗതിക ദേഹം ഒരേ ചിതയിലായിരുന്നു. മക്കളായ കൃതികയും തരുണിയും ചേർന്നായിരുന്നു ചിതയ്‌ക്ക് തീ കൊളുത്തിയത്. 17 ഗൺ സല്യൂട്ട് നൽകിയ സൈന്യം സർവ സൈനിക ബഹുമതികളോടെയും ബിപിൻ റാവത്തിന് യാത്രയയപ്പ് നൽകി. എണ്ണൂറോളം സൈനികർ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക കമാൻഡർമാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
വികാര നിർഭരമായ നിമിഷങ്ങൾക്കായിരുന്നു രാജ്യതലസ്ഥാനം വേദിയായത്. ധീരസൈനികന് യാത്രാമൊഴി നൽകാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പടെ ആയിരങ്ങളെത്തി. നിരവധി മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ബിപിൻ റാവത്തിന്റെ വസതിയിലേക്കും പൊതുദർശന സമയത്ത് എത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ചീഫ് ജസ്റ്റിസ് എൻവി രമണ, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരെത്തി അന്ത്യോപചാരമർപ്പിച്ചു.
വിലാപയാത്രയായാണ് ഭൗതിക ദേഹം വസതിയിൽ നിന്നും ബ്രാർ സ്‌ക്വയറിലെത്തിച്ചത്. അമർ രഹേ വിളികളുമായി അഭിവാദ്യമർപ്പിച്ച് ആയിരക്കണക്കിന് ജനങ്ങൾ വിലാപയാത്രയിൽ പങ്കുചേർന്നു. സംസ്‌കാര ചടങ്ങുകൾ മതാചാര പ്രകാരം നടന്നപ്പോൾ മക്കൾ ഇരുവരും ചേർന്ന് ചിതയ്‌ക്ക് തീ കൊളുത്തി.















