ബെർലിൻ: ഞായറാഴ്ച അതിരാവിലെ ആറ് മണി എന്ന സമയം ബെർലിനിലെ റെയ്നിക്കെൻഡോർഫ് പ്രദേശവാസികൾക്ക് ഏറെ നിർണായകമാണ്. നേരം വെളുക്കുന്നതിന് മുമ്പേ അവർക്കെല്ലാം സ്വന്തം വീടുകളിൽ നിന്നും ഒഴിയേണ്ടതുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് എല്ലാ പ്രദേശവാസികളും മാറിക്കൊള്ളണമെന്നാണ് സർക്കാരിന്റെ നിർദേശം. ഭീതിയുടെ മണിക്കൂറുകൾ പിന്നിടുകയാണ് ഒരു ജനതയും ഭരണകൂടവും.. എന്തുകൊണ്ടാണെന്നല്ലേ.. അന്നവിടെ ഒരു ബോംബ് സ്ഫോടനം നടന്നേക്കാമെന്നതാണ് കാരണം.
പ്രദേശത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഏരിയൽ ബോംബാണിത്. ഇത് അപകടരഹിതമാക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ഞായറാഴ്ച രാവിലെ നടക്കാൻ പോകുന്നത്. ബോംബ് കണ്ടെത്തിയ കേന്ദ്രത്തിന് 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശം ഇതിനായി ഒഴിപ്പിക്കുകയാണ്. ഏകദേശം 15,000ത്തോളം ആളുകളുണ്ടിവിടെ. ഇവരെല്ലാവരുടെയും സുരക്ഷ പരിഗണിച്ചാണ് നിർബന്ധമായും മാറണമെന്ന് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
500 മീറ്റർ ചുറ്റളവിൽ വീടുകൾ മാത്രമല്ല ഒരു ജൂത ആശുപത്രിയും വൃദ്ധസദനവും ഉൾപ്പെടുന്നുണ്ട്. ഇവരെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ബോംബ് നിർവീര്യമാക്കുന്ന വേളയിൽ മേഖലയിൽ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
നവംബർ 19നാണ് ബെർലിനിലെ റെയ്നിക്കെൻഡോർഫ് മേഖലയിലുള്ള ആശുപത്രി പരിസരത്ത് നിന്നും ബോംബ് കണ്ടെടുത്തത്. 250 കിലോ ഗ്രാം തൂക്കമുള്ള ബോംബ് രണ്ടാം ലേകമഹായുദ്ധ കാലത്തേതാണെന്നാണ് നിഗമനം. കഴിഞ്ഞ ഏതാനും നാളുകളായി ബോംബിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് നടന്നിരുന്നത്. അപകടം കൂടാതെ ബോംബ് നിർവീര്യമാക്കുന്നതിനുള്ള വഴികൾ തേടുകയായിരുന്നു അധികൃതർ.















